കൊല്ലം: കൊറോണക്കാലത്ത് മോഷ്ടാക്കൾക്ക് പ്രിയം കപ്പയും ചക്കയും ചീരയും വാഴക്കുലയും! കൊല്ലം ജില്ലയിലെ പല ഭാഗങ്ങളിലും കാർഷിക വിളകളുടെ മോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊട്ടാരക്കര തൃക്കണ്ണമംഗൽ ചേരൂർ ഏലായിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മോഷണം നടന്നു. ചേരൂർ ജോസിന്റെ 25 മൂട് മരച്ചീനിയും സമീപത്തെ വയലിലെ തെങ്ങിൽ നിന്നും അൻപതിലധികം തേങ്ങകളും രണ്ട് വാഴക്കുലകളും മോഷ്ടാക്കൾ കൊണ്ടുപോയി. ഇതിന്റെ പരാതിയെപ്പറ്റി പൊലീസിൽ തിരക്കിയപ്പോഴാണ് ജില്ലയിലെ മിക്ക കൃഷിയിടങ്ങളിൽ നിന്നും മോഷണം നടക്കുന്നതായി വ്യക്തമായത്. പ്ളാവിൽ വിള‌‌ഞ്ഞുവരുന്ന ചക്കയ്ക്ക് കാവൽ നിൽക്കേണ്ട ഗതികേടിലാണെന്ന് വീട്ടുകാർ പറയുന്നു. വാഴക്കുലകൾ രാത്രിയുടെ മറവിൽ വെട്ടിക്കൊണ്ടുപോവുകയാണ്. ഇന്നലെ ചാത്തന്നൂരിൽ പകൽനേരത്ത് കുല വെട്ടിയ വിരുതനെ കയ്യോടെ പിടികൂടിയപ്പോൾ സാമൂഹ്യ അടുക്കളയിൽ വിഭവങ്ങളൊരുക്കാനാണെന്നാണ് പറഞ്ഞത്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൃഷിവിളകൾ മോഷണം പോകുന്നതിന്റെ സങ്കടത്തിലാണ് കൃഷിക്കാരും.