rahman

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുടുംബത്തോടൊപ്പം വീട്ടിൽ തന്നെയാണ് റഹ്മാനും. ഭാര്യയോടൊപ്പം അലക്കിയ വസ്ത്രങ്ങളെല്ലാം വിരിച്ചിടുന്ന ഫോട്ടോകൾ ഫേസ്ബുക്ക് പേജിലൂടെ റഹ്മാൻ പങ്കുവച്ചിരുന്നു. ലോക്ക് ഡൗൺ സമയത്ത് പുതിയ പലതും പഠിക്കുകയാണെന്ന് പറയുകയാണ് റഹ്മാൻ. ജോലിക്കാരെ എല്ലാം അവരുടെ വീടുകളിലേക്ക് പറഞ്ഞ് വീട്ട് ജോലികളെല്ലാം സ്വയം ചെയ്യാനാണ് താരകുടുംബം തീരുമാനിച്ചത്. ഒപ്പം ഓൺലൈനിലൂടെ ചില കാര്യങ്ങൾ പഠിക്കുന്നതിനെ കുറിച്ചും താരം പറയുന്നു.

" എല്ലാവരെയും പോലെ കുടുംബത്തോടൊപ്പം മുഴുവൻ സമയം വീട്ടിൽ തന്നെയാണ് ഞാൻ. ജോലിക്കാരെയെല്ലാം വീട്ടിലേക്ക് പറഞ്ഞ് വിട്ടു. അവർക്കുമുണ്ടല്ലോ കുടുംബങ്ങൾ. എല്ലാ ജോലികളും ഞങ്ങൾ ഒരുമിച്ചാണ് ചെയ്യുന്നത്. പാചകത്തിലായാലും മറ്റ് ജോലികളായാലും ഭാര്യയെ സഹായിക്കുന്നു. മക്കൾ 2 പേർക്കും അടുക്കളയിൽ കയറാൻ മടിയാണ്. അതുകൊണ്ട് ഇത്തിരി കടുപ്പിച്ചാണെങ്കിലും അടുക്കള ജോലി കുട്ടികളെ നിർബന്ധമായും പരിശീലിപ്പിക്കുന്നു. എന്നെ സംബന്ധിച്ച് ഈ ലോക്ക് ഡൗൺ കാലം പഠനകാലം കൂടിയാണ്. സ്‌കെച്ചിംഗ്, ഫോട്ടോഷോപ്പ് എന്നിവ ഓൺലൈനിലൂടെ പഠിക്കുന്നു. കുറച്ചൊക്കെ അറിയാമെങ്കിലും പൂർണമായി പഠിക്കാൻ സാധിക്കുന്നത് ഇപ്പോഴാണ്. കൊവിഡ് മൂലം കഷ്ടപ്പെടുന്നവരെ കുറിച്ചോർത്ത് മനസ് വേദനിക്കാറുണ്ട്. അവർക്കായി എന്തു ചെയ്യാം എന്നാണ് ഇപ്പോഴത്തെ ചിന്ത" റഹ്മാൻ പറയുന്നു.