കൊല്ലം: ജില്ലയിൽ രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലാഭരണകൂടം പ്രതിരോധ നടപടികൾക്കൊപ്പം ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കി. സാമൂഹിക അകലം പാലിക്കുക മാത്രമാണ് ഏക പ്രതിരോധമെന്നിരിക്കെ അതിനെ അവഗണിക്കുന്നവരെ പരമാവധി നിയമ കുരുക്കിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ലോക്ക് ഡൗൺ വ്യവസ്ഥകൾ അവഗണിച്ച് പുറത്തിറങ്ങുന്നവരെ കൊറോണ കാലത്തിന് ശേഷം കേസും കോടതിയുമായി കുറേക്കാലം നടത്താൻ തന്നെയാണ് പൊലീസും ജില്ലാ ഭരണകൂടവും തീരുമാനിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് മടങ്ങിവന്ന ശേഷം ഗൃഹ നിരീക്ഷണത്തിൽ ഇരിക്കാതെ പുറത്തിറങ്ങി നടക്കുന്നവരെ കണ്ടെത്താൻ പ്രാദേശിക തലത്തിൽ ഉണ്ടാക്കിയ സമിതികളുടെ പ്രവർത്തനം സജീവമാക്കി. ഇത്തരക്കാർക്കെതിരെ കേസെടുത്ത് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയാണിപ്പോൾ.
ആരോഗ്യവകുപ്പ് നിർദേശിച്ച നിരീക്ഷണ കാലത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്യും. നഗരങ്ങളിൽ പരിശോധന കർശനമാക്കിയതോടെ അനാവശ്യ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരുന്നു. പക്ഷെ ഗ്രാമങ്ങളിൽ ലോക്ക് ഡൗൺ കാഴ്ചകൾ കാണാൻ ഇറങ്ങുന്നവരുടെ എണ്ണം വൻ തോതിൽ ഉയരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതോടെ ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാനും വാഹനങ്ങൾ പിടിച്ചെടുക്കാനും സിറ്റി, റൂറൽ പൊലീസുകൾ നീക്കം തുടങ്ങി.
രണ്ടുവർഷം തടവും 1000 രൂപ പിഴയും
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പകർച്ചവ്യാധി ഓർഡിനൻസ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിലവിൽ വന്നിരുന്നു. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവഗണിച്ചാൽ രണ്ടുവർഷം വരെ തടവോ 10,000 രൂപയോ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ. നിലവിലെ സാഹചര്യത്തിൽ പലരും ഈ ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വന്നേക്കാം.
വേണ്ടി വന്നാൽ പാരിപ്പള്ളി മെഡി.
കോളേജിലെ മറ്റ് രോഗികളെ മാറ്റും
ജില്ലയിലെ കൊറോണ ആശുപത്രിയായ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിലവിൽ ഒരു കൊറോണ ബാധിതൻ മാത്രമേ ചികിത്സയിലുള്ളൂ. 200 ലേറെ പേരെ പാർപ്പിക്കാൻ സൗകര്യമുള്ള കൊറോണ നിരീക്ഷണ കേന്ദ്രം സജ്ജമാണ്. കൂടുതൽ അടിയന്തര ആവശ്യങ്ങൾ ഉണ്ടായാൽ മറ്റ് രോഗികളെയെല്ലാം മാറ്റാൻ സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ ജില്ലയുടെ ആരോഗ്യ മേഘല സജ്ജമാണെങ്കിലും ജനങ്ങളുടെ സഹകരണവും പ്രതിരോധവുമാണ് പ്രധാനം.
''
സാമൂഹിക അകലം പാലിക്കുക മാത്രമാണ് കൊറോണയെ പ്രതിരോധിക്കാനുള്ള ഏക മാർഗം. അതിന് ആവശ്യമായ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ