ഗ്രാമീണ കർഷകർ പ്രതിസന്ധിയിൽ
കൊല്ലം: വിപണിയിൽ പച്ചക്കറിക്ക് ക്ഷാമവും തീ വിലയും നേരിടുമ്പോഴും കൊല്ലത്തിന് ആവശ്യമായ കാർഷിക ഉൽപ്പന്നങ്ങൾ വിളവെടുക്കാനാകാതെ ജില്ലയിലെ പാടശേഖരങ്ങളിൽ നശിക്കുന്നു. ലോക്ക് ഡൗണിൽ വിപണികൾ ഇല്ലാതായതാണ് ജില്ലയിലെ ആയിരക്കണക്കിന് കർഷകരെ പ്രതിസന്ധിയിലാക്കിയത്.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ ) പ്രാദേശിക വിപണികളായിരുന്നു കർഷകരുടെ ആശ്രയം. കാർഷിക ഉത്പന്നങ്ങൾ വിളവെടുത്ത് വിപണിയിലെത്തിക്കുമ്പോൾ വ്യാപാരികളും ആവശ്യക്കാരും ലേലം വലിച്ചെടുക്കുന്നതായിരുന്നു പതിവ്. ലോക്ക് ഡൗൺ കാലത്ത് വിപണികളുടെ പ്രവർത്തനം തെറ്റി. പ്രവർത്തിക്കുന്ന വിപണികളിലേക്ക് കാർഷിക ഉത്പന്നങ്ങൾ എത്തിക്കാനുള്ള വാഹന സൗകര്യവും കർഷകർക്ക് ലഭിക്കുന്നില്ല. ഇതോടെ ഏത്ത വാഴ, മരച്ചീനി, ചീര, വെള്ളരി, മത്തൻ, പയർ തുടങ്ങിയ കാർഷിക വിളകളിൽ പലതും വിളവെടുക്കാനാകാതെ നശിക്കുകയാണ്.
കൃഷിയിടത്തിൽ സംഭരിക്കുമെന്ന
ഉറപ്പ് എങ്ങുമെത്തിയില്ല
പ്രാദേശിക കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾ കൃഷിയിടത്തിൽ നിന്ന് ഹോർട്ടികോർപ്പ് സംഭരിക്കുമെന്നായിരുന്നു കൃഷി മന്ത്രി നേരത്തെ നൽകിയ ഉറപ്പ്. പക്ഷെ കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ അങ്ങനെയൊരു നീക്കം എങ്ങുനിന്നും ഉണ്ടായില്ല. ഈ ദുരിത കാലത്തെങ്കിലും ഹോർട്ടികോർപ്പും കൃഷി വകുപ്പും അതിന് തയ്യാറായാൽ കർഷകരുടെ പ്രതിസന്ധി മാറുമെന്ന് മാത്രമല്ല, ഉപഭോക്താക്കൾക്ക് വിഷ രഹിത പച്ചക്കറി ന്യായ വിലയിൽ നൽകാനുമാകും.
ഏത്തനും സമയമോശം
ഏത്തക്കുലയുടെ വില 18 രൂപയിലും താഴേക്ക് പോയ ദുരിത കാലത്തായിരുന്നു രണ്ടുമാസം മുമ്പുവരെ ജില്ലയിലെ കർഷകർ. വിലയിടിവിൽ നിന്ന് കരകയറി കിലോയ്ക്ക് 62 രൂപയിലേറെ ലഭിച്ചുതുടങ്ങിയ സമയത്താണ് ലോക്ക് ഡൗൺ എത്തിയത്. കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഫലപ്രദമായ സൗകര്യം വേണമെന്ന ആവശ്യത്തിലാണ് കർഷകർ.
പ്രാദേശിക സംഭരണം വേണം
കാർഷിക വിളകൾ പ്രാദേശികമായി സംഭരിക്കാനും വിൽക്കാനും വഴിയൊരുങ്ങിയാൽ കർഷകരെയും ഉപഭോക്താക്കളെയും ഒരേപോലെ സഹായിക്കാനാകും. ലോക്ക് ഡൗൺ മറയാക്കി പച്ചക്കറിക്ക് തീ വിലയാണ് ചില വ്യാപാരികൾ ഈടാക്കുന്നത്.
''
ഉത്പന്നങ്ങൾ വിറ്റഴിക്കാൻ മാർഗമില്ല. വി.എഫ്.പി.സി.കെ വിപണി എല്ലാ ആഴ്ചയിലും പ്രവർത്തിക്കുന്നില്ല. സംഭരിക്കാനും വിൽക്കാനും മാർഗങ്ങൾ ഒരുക്കണം.
സുരേന്ദ്രൻ കർഷകൻ,
കുന്നത്തൂർ