കൊല്ലം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ആറ് ദിവസം പിന്നിട്ടതോടെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക്. ഇനിയുള്ള പതിനാറ് ദിനം പോയിട്ട് രണ്ട് ദിവസം തള്ളിനീക്കാനുള്ള ഭക്ഷ്യവസ്തുക്കൾ പോലും പല തൊഴിലാളി കുടുംബങ്ങളിലുമില്ല.
കുടുംബം പട്ടിണിയിലാകാതിരിക്കാൻ പണിക്കിറങ്ങിയ തൊഴിലാളികളെ ജോലി സ്ഥലങ്ങളിലെത്തി പൊലീസ് തല്ലിയോടിച്ച സംഭവവും കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. ആദ്യ ലോക്ക് ഡൗൺ ദിനത്തിൽ സ്റ്റാൻഡുകളിലെത്തിയിട്ടും ഓട്ടം കിട്ടാഞ്ഞതോടെ ആട്ടോ, കാർ ഡ്രൈവർമാർ വീട്ടിൽ തന്നെ ഇരിപ്പാണ്. പൊലീസിന്റെ കണ്ണിൽപ്പെടാത്ത സ്ഥലങ്ങളിലെ പണി ചെയ്യാൻ നിർമ്മാണ തൊഴിലാളികൾ വട്ടം കൂട്ടിയെങ്കിലും സിമന്റും മണലുമടക്കമുള്ള നിർമ്മാണ സാമഗ്രികൾ കിട്ടാനില്ല. തുടർച്ചയായി
പണിയില്ലാതെ വീട്ടിലിരിക്കുന്നത് കശുഅണ്ടി തൊഴിലാളികളായ സ്ത്രീകൾക്ക് ഒരു പുതുമയല്ല. പക്ഷെ കുടുംബാംഗങ്ങളെല്ലാം ജോലിയില്ലാതെ വീട്ടിലിരിപ്പായതോടെ ഇനിയുള്ള ദിവസങ്ങളിൽ ഇവരുടെ വീടുകളിലെ അടുപ്പെരിയാതാവും.
പലചരക്ക് പച്ചക്കറി കടകളിൽ കച്ചവടമുണ്ടെങ്കിലും അവിടങ്ങളിൽ തൊഴിലാളികളുടെ എണ്ണം കുറച്ചിരിക്കുകയാണ്. കടകളിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന സ്ത്രീകളും വീട്ടിലിരിപ്പാണ്. കൊറോണ വ്യാപിച്ചതോടെ എങ്ങനെയെങ്കിലു സർവീസ് നിറുത്തിവയ്ക്കണേ എന്ന പ്രാർത്ഥനയിലായിരുന്നു കെ.എസ്.ആർ.ടി..സി ജീവനക്കാർ. മാസാവസാനമായതോടെ കൈയിൽ നയാപൈസയില്ലാതെ ഇവരുടെ ഉള്ളിലും ആധി ഉരുണ്ടുതുടങ്ങി. ഇങ്ങനെ എല്ലാ വിഭാഗം തൊളിലാളികളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കടകൾ വഴി അധിക ഭക്ഷ്യധാന്യം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.