പുനലൂർ: പ്രളയമായാലും കൊറോണയായാലും നാടിന്റെ മനസുലയുമ്പോൾ സഹായഹസ്തവുമായി ഈ ജനകീയ കളക്ടർ അന്നും ഇന്നും മുന്നിലുണ്ടാകും. കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ ചുമടെടുത്ത പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് ലോക്ക് ഡൗൺ കാലത്തും നിത്യോപയോഗ സാധനങ്ങളും മരുന്നുകളും തലച്ചുമടാക്കി കാടുകയറി. കളക്ടറെ നന്നായറിയാവുന്ന കോന്നി എം.എൽ.എ കെ.യു.ജനീഷ് കുമാറും ഒട്ടും വിട്ടുകൊടുത്തില്ല, ഒപ്പത്തിനൊപ്പം നിന്നു.
ലോക്ക് ഡൗണിനെ തുടർന്ന് പുറംലോകത്ത് എത്താൻ കഴിയാത്ത അച്ചൻകോവിൽ വനമദ്ധ്യത്തിലെ ആവണിപ്പാറ ആദിവാസി കോളനിയിലേക്കാണ് ഇരുവരുടെയും നേതൃത്വത്തിലുള്ള സംഘം അവശ്യസാധനങ്ങൾ എത്തിച്ചത്. അഞ്ച് കിലോമീറ്റർ ഉൾവനത്തിലൂടെ സഞ്ചരിച്ച് അച്ചൻകോവിലാർ മുറിച്ചുകടന്നാണ് ഇരുവരും കാൽനടയായി കോളനിയിലെത്തിയത്. ഇവർക്കൊപ്പം മെഡിക്കൽ ടീമും വോളണ്ടിയർമാരും ഉണ്ടായിരുന്നു.
കോളനി നിവാസികൾ നിത്യോപയോഗ സാധനങ്ങൾക്ക് ബുദ്ധിമുട്ടുന്ന വിവരം അരുവാപ്പുലം പഞ്ചായത്ത് അംഗം പി. സിന്ധുവാണ് എം.എൽ.എയെ അറിയിച്ചത്. എം.എൽ.എ നടപ്പാക്കുന്ന 'കൈത്താങ്ങ് ' പദ്ധതിയുടെ ഭാഗമായി എം.എൽ.എയും വോളണ്ടിയർമാരും കോളനിയിലേക്ക് പുറപ്പെടുന്നതിനിടെയാണ് കളക്ടർ എത്തിയത്. പദ്ധതി മനസിലാക്കാനായിരുന്നു വരവ്. തുടർന്ന് അദ്ദേഹവും എം.എൽ.എയ്ക്കൊപ്പം കൂടി. വാഹനത്തിൽ പുറപ്പെട്ട സംഘം അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ വനത്തിനുള്ളിലെത്തി. ഇവിടെനിന്ന് സാധനങ്ങൾ തലച്ചുമടാക്കി കോളനിയിലെത്തിക്കുകയായിരുന്നു. വെള്ളം കുറവാണെങ്കിലും ആറ്റിൽ തെളിഞ്ഞുകാണുന്ന പാറകൾക്ക് മുകളിലൂടെ സാഹസികമായിട്ടായിരുന്നു യാത്ര.
ഇരുവരും തലച്ചുമടായി സാധനങ്ങളെത്തിച്ചപ്പോൾ കോളനിവാസികളും അമ്പരന്നു. തുടർന്ന് ഇവിടുത്തെ 37 വീടുകളിലും ഇരുവരും നേരിട്ടെത്തി സാധനങ്ങൾ വിതരണം ചെയ്തു. തൊഴുകൈകളോടെയാണ് എല്ലാവരും സാധനങ്ങൾ ഏറ്റുവാങ്ങിയത്. ചില വീടുകളിലെ കുട്ടികൾക്ക് പനിയുണ്ടെന്ന് അറിയിച്ചതോടെ മെഡിക്കൽ ടീമിനെ വരുത്തി പരിശോധിപ്പിച്ച ശേഷം മരുന്നുകളും വിതരണം ചെയ്തു. എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ, കോന്നി തഹസീൽദാർ ഇൻ ചാർജ് റോസ്ന ഹൈദ്രോസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കൈത്താങ്ങ് പദ്ധതി
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വീടുകളിലിരിക്കുന്നവർ ടെലിഫോണിലൂടെ ആവശ്യപ്പെട്ടാൽ നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം തുടങ്ങിയവ വോളണ്ടിയർമാർ വഴി എത്തിച്ചു നൽകുന്നതിന് എം.എൽ.എ നടപ്പാക്കിയ പദ്ധതിയാണ് കൈത്താങ്ങ്.
''
എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം. ഉടൻ സഹായം എത്തിക്കും. വികസന പ്രവർത്തനങ്ങളും ഉടൻ നടപ്പാക്കും.
കെ.യു.ജനീഷ് കുമാർ
എം.എൽ.എ