devesh
ദേവേഷ് പുസ്തകവായനയിൽ

കൊല്ലം: 'ലോക്ക് ഡൗൺ എനിക്കൊരു പുതുമയല്ല, എല്ലൊടിഞ്ഞ് എത്രയോ തവണ വീട്ടിനുള്ളിൽ കിടന്നിട്ടുണ്ട്. സഹിക്കാനാകാത്ത വേദനയായിരുന്നു അപ്പോഴൊക്കെ. 21 ദിവസമൊന്നുമല്ല ഒരുമാസത്തിലേറെയെടുക്കും ഒടിഞ്ഞ അസ്ഥികൾ യോജിക്കാൻ. ഇങ്ങനെ എത്ര തവണ ലോക്ക് ഡൗണായി കിടന്നിട്ടുണ്ടെന്ന് തിട്ടമില്ല. പക്ഷെ ഇപ്പോഴത്തെ ലോക്ക് ഡൗണിൽ വേദനയില്ല'.

കൊല്ലം സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ ദേവേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു. അസ്ഥികൾക്ക് ബലമില്ലാത്ത ഓസ്റ്റിയോ ജനസിസ് ഇൻപെർഫെക്ടാ എന്ന രോഗമാണ് ദേവേഷ് മഹാദേവിന്. കഷ്ടിച്ച് രണ്ടരയടി ഉയരമേയുള്ളു. ആരെങ്കിലും ശരീരത്തിൽ ഒന്ന് അമർത്തിയാൽ അസ്ഥികൊളൊടിയും. സ്കൂളിൽ പഠിക്കുന്ന കാലത്ത് അസ്ഥികളൊടിഞ്ഞ് വീട്ടിൽ കിടക്കുന്നത് പതിവായിരുന്നു. പിന്നീട് കൊല്ലം എസ്.എൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ കൂട്ടുകാർ തലയിൽ ചുമന്ന് കൊണ്ട് നടക്കുമായിരുന്നു. കളികൾക്കിടിയിൽ ദേവേഷിന്റെ ശരീരം എവിടെയെങ്കിലും തട്ടി എല്ലുകളൊടിയും.

'കൂട്ടുകാർ കോളേജിൽ അടിച്ച് പൊളിക്കുമ്പോൾ എത്രയോ തവണ ഞാൻ ലോക്ക് ഡാണായി കിടന്നിട്ടുണ്ട്'. എസ്.ബി.ഐ കരിക്കോട് ബ്രാഞ്ചിൽ ക്ലർക്കാണ് ദേവേഷ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആദ്യം വർക്ക് അറ്റ് ഹോമായിരുന്നു. ശാരീരിക അവശതകൾ ഉള്ളവരെ ലോക്ക് ഡൗൺ കാലത്ത് ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം വന്നതോടെ ജോലിയിൽ നിന്ന് പൂർണമായി ഒഴിവായി. പക്ഷെ ഡിജിറ്രൽ ഇടപാടുകൾ സംബന്ധിച്ചതടക്കമുള്ള സംശയങ്ങളുമായി ഉപഭോക്താക്കളും സുഹൃത്തുക്കളും ഇടയ്ക്കിടെ വിളിക്കും.

ഭാരമുള്ള ബുക്കുകൾ പിടിക്കാനാകാത്തതിനാൽ വായന കൂടുതലും ഓൺലൈനായാണ്. പക്ഷെ അലമാരയ്ക്കുള്ളിൽ ഒതുക്കിവച്ചിരുന്ന എം.ടിയുടെ മഞ്ഞ് എന്ന നോവൽ ഇന്നലെ തപ്പിയെടുത്ത് വായിച്ച് തുടങ്ങി. ചന്ദനത്തോപ്പ് മാമൂട് മുണ്ടൻച്ചിറ ക്ഷേത്രത്തിന് സമീപം ദേവചന്ദനത്തിലാണ് താമസം. അച്ഛൻ സജിത്ത് കുമാർ ലോക്കൽ ഫണ്ട് ഓഡിറ്ര് വകുപ്പ് ഉദ്യോഗസ്ഥനാണ്. അമ്മ റെജിന സ്വകാര്യ സ്കൂൾ അദ്ധ്യാപികയാണ്. സഹോദരി ചന്ദന ടെക്നോപാർക്കിൽ ട്രെയിനിയാണ്.