കൊല്ലം: യാതനകൾക്കിടയിലും സൗജന്യമായി മാസ്കുകൾ തുന്നിനൽകുന്ന കുളത്തൂപ്പുഴയിലെ മഞ്ജുവിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കാൽ ലക്ഷം രൂപ സമ്മാനം നൽകി. വ്യക്തിപരമായാണ് ഈ സ്നേഹസമ്മാനം.
ലോക്ക് ഡൗണായതിനാൽ നേരിട്ടെത്തി നൽകാനാവില്ലെന്ന് അറിയിച്ച വെള്ളാപ്പള്ളി കേരളകൗമുദി കൊല്ലം യൂണിറ്റ് വഴിയാണ് സമ്മാനത്തുക മഞ്ജുവിനെത്തിച്ചത്. ഡെപ്യൂട്ടി എഡിറ്റർ എസ്. രാധാകൃഷ്ണണൻ, റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ, ഫോട്ടോഗ്രാഫർ എം.എസ്. ശ്രീധർലാൽ എന്നിവർ ഇന്നലെ രാവിലെ കുളത്തൂപ്പുഴയിലെ വീട്ടിലെത്തി തുക കൈമാറി.
'മഞ്ജു സൗജന്യമായി തുന്നിയത് അയ്യായിരം മാസ്കുകൾ' എന്ന വാർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത വായിച്ച ഉടൻ സമ്മാനം നൽകാൻ വെള്ളാപ്പള്ളി തീരുമാനിക്കുകയായിരുന്നു. ഫോണിലൂടെ മഞ്ജുവുമായി സംസാരിച്ച അദ്ദേഹം ജീവിത പ്രയാസങ്ങളിൽ തളരാതെ മുന്നോട്ട് പോകണമെന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അറിയിച്ചു.
'നന്മ ചെയ്യുന്നവരുടെ ജാതി നോക്കാതെ അഭിനന്ദിക്കണമെന്നാണ് ' വെള്ളാപ്പള്ളി പറയുന്നത്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ ദിവസം മുതൽ കുളത്തൂപ്പുഴ യഥുമാധവത്തിൽ പി. മഞ്ജു തുന്നലിന്റെ തിരക്കിലാണ്. ധർമ്മശാസ്താക്ഷേത്രത്തിന് സമീപത്തെ തുന്നൽക്കടയിൽ രാവും പകലും വിശ്രമില്ലാതെ തുന്നിയെടുത്തത് അയ്യായിരത്തിൽപ്പരം മാസ്കുകൾ. ഇവയൊക്കെ സന്നദ്ധ സംഘടനകൾക്കും വഴിയാത്രക്കാർക്കും സൗജന്യമായി നൽകി.
കഴിഞ്ഞ പ്രളയകാലത്ത്
വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ കർമ്മിയായിരുന്ന ഭർത്താവ് മധു മഞ്ഞപ്പിത്തം ബാധിച്ച് ഒന്നരവർഷം മുമ്പാണ് മരിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സേവന പ്രവർത്തനങ്ങൾക്കായി ഓടിനടന്നപ്പോഴാണ് അസുഖം പിടിപെട്ടതും പിന്നീട് മരണത്തിന് കീഴടങ്ങിയതും. ചികിത്സയ്ക്കും മറ്റും വലിയ തുക ചെലവായതോടെ കടംകയറി കിടപ്പാടം വിൽക്കേണ്ടിവന്നു. സഹോദരിയുടെ വീട്ടിലാണ് മഞ്ജുവും മക്കളായ യഥു കൃഷ്ണനും മാധവ് കൃഷ്ണനും താമസിക്കുന്നത്.