photo
കൊട്ടാരക്കര ചന്തയിലെ ഇറച്ചിക്കട

കൊട്ടാരക്കര: കൊറോണക്കാലത്ത് ഞായറാഴ്ചയെന്ന അവധി ദിനത്തിന് സവിശേഷതയില്ലെങ്കിലും ഇന്നലെ ഇറച്ചിക്കടകളിൽ തിരക്ക് കൂടി. ബീഫിനും മട്ടനുമാണ് ആവശ്യക്കാരേറെ. ചിക്കന്റെ വില കുത്തനെ ഉയർന്നതൊന്നും ആരും ഗൗനിക്കുന്നില്ല. പക്ഷിപ്പനി വന്നതറിഞ്ഞത് മുതൽ ചിക്കൻ അടുക്കള വിഭവങ്ങളിൽ നിന്ന് ഏറെക്കുറെ പടിയിറങ്ങിയിരുന്നു. രാവിലെ മുതൽ ചന്തകളിലെ ഇറച്ചി വിൽപ്പന ശാലകളിൽ ധാരാളം ആളുകൾ എത്തിയിരുന്നു.

കടയ്ക്ക് മുന്നിൽ ആളുകൾ കൂട്ടം കൂടാതിരിക്കാനുള്ള ക്രമീകരണങ്ങൾ എടുത്തിരുന്നു. ഇറച്ചി അരിഞ്ഞ് കറിപ്പരുവത്തിന് നൽകുന്ന രീതി നിറുത്തി. അതിനുള്ള സമയവും സന്ദർഭവുമല്ലെന്നാണ് വിൽപ്പനക്കാരുടെ പക്ഷം. 350, 360, 390 രൂപ നിരക്കിലാണ് കിലോയ്ക്ക് വിൽപ്പന. വില കൂട്ടരുതെന്ന് അധികൃതരുടെ കർശന നിർദ്ദേശമുണ്ട്. പ്ളാസ്റ്റിക് നിരോധനമുള്ളതിനാൽ വട്ടയിലയിലാണ് ഇറച്ചി പൊതിഞ്ഞ് നൽകുന്നതെന്ന കൗതുക കാഴ്ചയുമുണ്ട്.