photo
വിളമ്പിവച്ച ഭക്ഷണം ശാസ്താംകോട്ടയിലെ ചന്തക്കുരങ്ങുകൾ കഴിക്കുന്നു

കൊല്ലം: അന്നം വിളമ്പിയവരെ അവർ നന്ദിയോടെ നോക്കി നിന്നു, പിന്നെ ആർത്തിയോടെ കഴിച്ചു. ശാസ്താംകോട്ടയിലെ കുരങ്ങുകൾ ഉണ്ട് നിറഞ്ഞതിന്റെ സന്തോഷത്തിലാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ ശരിക്കും ഇവിടുത്തെ കുരങ്ങുകൾ അരപ്പട്ടിണിയിലായിരുന്നു. ദിവസം കഴിയും തോറും മുഴുപ്പട്ടിണിയിലേക്കായി.

ശാസ്താംകോട്ടയിൽ ക്ഷേത്ര പരിസരത്തായി നൂറിൽപ്പരം കുരങ്ങുകളുണ്ട്. ഇവ അമ്പലക്കുരങ്ങുകളാണ്. പ്രവാസിയായ ശാസ്താംകോട്ട സ്വദേശി കന്നിലേഴികത്ത് ബാലചന്ദ്രൻ വർഷങ്ങൾക്ക് മുമ്പ് അമ്പലക്കുരങ്ങുകളുടെ ഭക്ഷണത്തിനായി അഞ്ചുലക്ഷം രൂപ ജില്ലാ സഹകരണ ബാങ്കിൽ ഫിക്‌സഡ് ഇട്ടിട്ടുണ്ട്. ഇതിന്റെ പലിശ ഉപയോഗിച്ച് നിത്യവും മൂന്നുനേരം പടച്ചോർ ഉൾപ്പെടെ അമ്പലക്കുരങ്ങുകൾക്ക് ഭക്ഷണം നൽകിവരുന്നുണ്ട്.

ക്ഷേത്രത്തിലേക്ക് ആളുകളുടെ വരവ് കുറഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ അമ്പലക്കുരങ്ങുകൾക്കുണ്ടെങ്കിലും വിശപ്പിന്റെ വിളി അത്രകണ്ട് അറിഞ്ഞിരുന്നില്ല. എന്നാൽ പുറത്ത് മറ്റൊരു വിഭാഗം കുരങ്ങുകളുമുണ്ട്. അവർക്ക് ക്ഷേത്ര പരിസരത്ത് പ്രവേശനമില്ല. കടകളിൽ നിന്നും പൊതു സ്ഥലങ്ങളിൽ നിന്നും വിദ്യാലയ പരിസരത്ത് നിന്നും ലഭിക്കുന്ന ആഹാരമാണ് ഇവർ കഴിക്കുക. സ്കൂൾ അടഞ്ഞതും ലോക്ക് ഡൗണിലൂടെ ടൗണിലേക്ക് ആളുകൾ വരാതായതും കടകമ്പോളങ്ങൾ അടഞ്ഞതുമെല്ലാം ചന്തക്കുരങ്ങുകളെ നന്നായി ബാധിച്ചു. പത്രസമ്മേളനത്തിൽ ശാസ്താംകോട്ടയിലേതടക്കം കുരങ്ങുകൾക്ക് ഭക്ഷണം നൽകണമെന്നകാര്യം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചതോടെ സന്നദ്ധ സംഘടനകൾ ഭക്ഷണം തയ്യാറാക്കി ഓടിയെത്തി.

ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുരങ്ങുകൾക്ക് ചോറും കറികളും തണ്ണിമത്തനും നൽകി. മറ്റ് സംഘടനക്കാരും സജീവമാകുന്നുണ്ട്. ഇനി ചന്തക്കുരങ്ങുകൾക്കും വിശപ്പില്ലാതെ കഴിയാം. കൂട്ടത്തിൽ ശല്യക്കാരായ ചില കുരങ്ങുകൾ നാട്ടുകാരുടെ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കുമൊക്കെ കടക്കാനും തുടങ്ങിയിരുന്നു. ഇനി അതിനൊക്കെ ആശ്വാസമാകും. ലോക്ഡൗണിന്റെ എല്ലാ ദിവസങ്ങളിലും ഭക്ഷണം നൽകാനാണ് ക്രമീകരണം. തെരുവ് നായകൾക്കും നാടിന്റെ മുക്കിലും മൂലയിലും സന്നദ്ധ പ്രവർത്തകർ ഭക്ഷണം വിളമ്പുന്നുണ്ട്.