market
ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്

പുനലൂർ:ലോക്ക് ഡൗൺ നിയന്ത്രണം കർശനമാക്കിയിട്ടും ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി പബ്ലിക് മാർക്കറ്റിൽ വൻ ജനതിരക്ക്. ഇന്നലെ രാവിലെ 7ന് ആരംഭിച്ച തിരക്ക് ഉച്ചവരെ നീണ്ടു. മാർക്കറ്റിനൊപ്പം സമീപത്തെ വ്യാപാരശാലകളും തുറന്ന് പ്രവർത്തിച്ചു. സംഭവം അറിഞ്ഞെത്തിയ തെന്മല പൊലീസ് കടകൾ അടക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കച്ചവടക്കാർ ചെവിക്കൊണ്ടില്ലെന്ന് പറയുന്നു. തമിഴ്നാട് അടക്കമുളള സ്ഥലങ്ങളിലെ വ്യാപാരികളാണ് കച്ചവടങ്ങൾക്കായി മാർക്കറ്റിൽ എത്തിയത്.

എല്ലാ ഞായറാഴ്ചകളിലുമാണ് കഴുതുരുട്ടിയിലെ മാർക്കറ്റ് പ്രവർത്തിക്കുന്നത്. തെന്മല വാലി റബർ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളെ ഉദ്ദേശിച്ചാണ് മർക്കറ്റിന്റെ പ്രവർത്തനം വർഷങ്ങൾക്ക് മുമ്പ് ഞായറാഴ്ചകളിൽ ആക്കിയത്. പുനലൂരിലെ ശ്രീരാമപുരം മാർക്കറ്റിൽ ജനങ്ങൾ കൂടുന്നത് പൊലീസ് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ കഴുതുരുട്ടിയിലെ മാർക്കറ്റിൽ സുരക്ഷാ സംവിധാനങ്ങളില്ലാതെ എത്തുന്ന ജനങ്ങളെ നിയന്ത്രിക്കാത്തതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.