chinnakada
പ്രതിരോധം... നിശ്ചലമായി ചിന്നക്കട... ലോക്ക് ഡൗണിനെ തുടന്ന് വാഹനങ്ങൾ ഒഴിഞ്ഞ ചിന്നക്കട ബൈപാസ്

കൊല്ലം: ലോക്ക് ഡൗണിന്റെ ആദ്യദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ജില്ല ഇന്നലെ പൊതുവെ ശാന്തമായിരുന്നു. ദേശീപാതകളിലും ഇടറോഡുകളിലുമടക്കം വളരെ കുറച്ച് വാഹനങ്ങളെ ഇന്നലെ ഉണ്ടായിരുന്നുള്ളു. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ 249 കേസുകൾ രജിസ്റ്റർ ചെയ്തു. 258 പേരെ അറസ്റ്റ് ചെയ്തു. 212 വാഹനങ്ങൾ പിടിച്ചെടുത്തു.

ഇന്നലെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതും കൂടുതൽ പേരെ അറസ്റ്റ് ചെയ്തതും റൂറൽ പൊലീസ് പരിധിയിലായിരുന്നു. സിറ്റി, റൂറൽ പൊലീസ് പരിധികളിൽ പ്രധാനപ്പെട്ട കവലകളിലെല്ലാം പൊലീസ് പിക്കറ്റിംഗ് തുടരുകയാണ്. മകൻ വിദേശത്ത് നിന്ന് എത്തിയതിനെ തുടർന്ന് ഗൃഹനിരീക്ഷണത്തിലായിരുന്ന പഴയാറ്റിൻകുഴി സ്വദേശി ഇമാമുദ്ദീൻ സ്കൂട്ടറിൽ കറങ്ങിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. പ്രധാന റോഡുകൾക്ക് പുറമേ ഇടറോഡുകൾ കേന്ദ്രീകരിച്ചും പൊലീസ് ഇന്നലെ പരിശോധന നടത്തി.

കണ്ണനല്ലൂർ സ്റ്റേഷൻ പരിധിയിൽ കൂട്ടംകൂടി ചീട്ടുകളിച്ച നല്ലില സ്വദേശികളായ നാലുപേർക്കെതിരെ കേസെടുത്തു. ജനങ്ങൾ കൂട്ടംകൂടുന്നുണ്ടോയെന്ന് അറിയാൻ ചത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. സിറ്റി, റൂറൽ പൊലീസ് പരിധികളിൽ അതിഥി തൊഴിലാളി ക്യാമ്പുകളിലെത്തി പൊലീസ് സംഘം ബോധവത്കരണ ക്ലാസെടുത്തു. ഇന്നലെ അവധിദിനമായതുകൊണ്ടാണ് റോഡുകൾ ശൂന്യമായതെന്നാണ് പൊലീസ് നിഗമനം. ഇന്ന് പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് ആലോചന.