കൊല്ലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടർ ബി.അബ്ദുൽ നാസറും കമ്മിഷണർ ടി.നാരായണനും ജില്ലയിലെ വിവിധ അതിഥി തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ചു.
കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയം, പറക്കുളം, ഉമയനല്ലൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായിരുന്നു സന്ദർശനം. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുമെന്ന് കളക്ടർ പറഞ്ഞു. ഇവരെ വിവിധ തൊഴിലുകൾക്കെത്തിച്ച കോൺട്രാക്ടർമാർ കൂലിയും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം. തൊഴിലാളികളുടെ താമസ സ്ഥലങ്ങളുടെ ഉടമസ്ഥരും ഉത്തരവാദിത്വത്തോടെയുള്ള സമീപനം സ്വീകരിക്കണം. ലോക്ക് ഡൗൺ കാലയളവിൽ അതിഥി തൊഴിലാളികൾ മുറികളിൽ തന്നെ തുടരണം. ഇതിന് ലംഘനമുണ്ടായാൽ ബന്ധപ്പെട്ട കോൺട്രാക്ടർമാർക്കും താമസ സ്ഥല ഉടമകൾക്കുമെതിരെ കർശനനടപടി സ്വീകരിക്കും. അതിഥി തൊഴിലാളികൾക്ക് എവിടെയെങ്കിലും ഭക്ഷണം ലഭിക്കാത്തത് സംബന്ധിച്ച പരാതിയുണ്ടായാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കുടുംബശ്രീ വഴിയും മറ്റും സമൂഹ അടുക്കള വഴി പാചകം ചെയ്ത ഭക്ഷണമോ അല്ലെങ്കിൽ ആവശ്യമായ ധാന്യങ്ങളും പച്ചക്കറികളുമോ വിതരണം ചെയ്യണം. മുറികളിൽ നിശ്ചിത എണ്ണത്തിലധികം തൊഴിലാളികൾ പാടില്ല.
സാഹചര്യങ്ങൾ മാറുന്ന മുറയ്ക്ക് തൊഴിലാളികൾക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോകുന്നതിന് അനുമതി നൽകും. അതുവരെ സർക്കാർ നിർദേശങ്ങളോട് സഹകരിച്ച് അവരവരുടെ ക്യാമ്പുകളിൽ തുടരണമെന്ന് കളക്ടർ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം എസ്.ഫത്തഹുദ്ദീൻ, മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.ലക്ഷ്മണൻ, എ.ഡി.എം പി.ആർ.ഗോപാലകൃഷ്ണൻ, ആർ.ഡി.ഒ സുമീതൻപിള്ള, ജില്ലാ ലേബർ ഓഫീസർ എ.ബിന്ദു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എ.ജി.സന്തോഷ് തുടങ്ങിയരും ഒപ്പമുണ്ടായിരുന്നു.