inchakkad-balachandran

കൊല്ലം: "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോയെന്ന കവിതയെഴുതിയപ്പോൾ ഇത്ര പെട്ടെന്ന് ഇത്രത്തോളം പ്രതീക്ഷിച്ചില്ല"- കവി ഇഞ്ചക്കാട് ബാലചന്ദ്രൻ പറഞ്ഞു. പതിനഞ്ചിൽപ്പരം ഭാഷകളിലായി ലോകമെങ്ങും ബാലചന്ദ്രന്റെ കവിത ഇപ്പോഴും അലയടിക്കുകയാണ്. 1992ൽ ആണ് കവിതയുടെ പിറവി. മൂന്ന് പതിറ്റാണ്ടോട് അടുക്കുമ്പോഴും കവിതയ്ക്ക് പ്രാധാന്യം ഏറിവരികയാണ്. യുവകലാസാഹിതി കൊല്ലത്ത് സംഘടിപ്പിച്ച 17 കിലോമീറ്റർ ദൂരമുള്ള കായൽ യാത്രയിലാണ് ബാലചന്ദ്രൻ 'ഇനി വരുന്നൊരു തലമുറയ്ക്ക്' എന്ന കവിതയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചത്.

ബാലചന്ദ്രൻ ഈണം നൽകിയതോടെ ഗായക സംഘം അതേറ്റുപാടി. പി.കെ.ബാലചന്ദ്രൻ എന്നായിരുന്നു അക്കാലത്ത് കവി അറിയപ്പെട്ടിരുന്നത്. പിന്നീട് ആദിവാസികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിൽപ്പ് സമരത്തിൽ രശ്മി സതീഷ് എന്ന ഗായിക ഈ കവിത മനോഹരമായി പാടിയതോടെയാണ് തരംഗമായത്. പിന്നെ വലിയ പ്രചാരം കിട്ടിയതോടെ നാടൻപാട്ടുകാരെല്ലാം കവിത ഏറ്റെടുത്തു.

ശാസ്താംകോട്ട ശൂരനാട് ഇഞ്ചക്കാട് വളഞ്ഞാംപുറത്ത് പാച്ചൻ- കുഞ്ഞമ്മ ദമ്പതികളുടെ മകനായ പി.കെ.ബാലചന്ദ്രൻ ഇഞ്ചക്കാട് ബാലചന്ദ്രനായി മാറിയതും ഈ കവിത ഹിറ്റ് ആയതോടെയാണ്. സ്റ്റാറ്റിറ്റിക്സ് വകുപ്പിൽ നിന്നും വിരമിച്ച ശേഷം കവിതയെഴുത്തിലും പരിസ്ഥിതി പ്രവർത്തനങ്ങളിലും കൂടുതൽ സജീവമായ ഇഞ്ചക്കാട് ബാലചന്ദ്രൻ രണ്ട് സിനിമകളും കഥയെഴുതി സംവിധാനം ചെയ്തു. സിനിമാ ഗാനങ്ങളുമെഴുതി ഹിറ്റാക്കിയിട്ടുണ്ട്.

പുതിയ സിനിമയുടെ പണിപ്പുരയിൽ സജീവമായപ്പോഴാണ് കൊറോണയുടെ ദുരിതങ്ങളെത്തിയത്. ലോക്ക് ഡൗൺ ആയതിനാൽ കവിയുടെ പൊതുപരിപാടികളെല്ലാം മാറ്റിവച്ചു. ഇപ്പോൾ കവിതയെഴുത്തും പുസ്തകവായനയുമായി ദിനങ്ങൾ നീങ്ങുകയാണ്. ലോക്ക് ഡൗൺ എത്തിയപ്പോൾ ദുരിതങ്ങൾ ഏറെയുണ്ടെങ്കിലും മിക്കയിടങ്ങളിലും കുടുംബ ബന്ധങ്ങൾ ദൃഢമാകുന്നതായി കവി ഓർമ്മിപ്പിച്ചു.

ഇഞ്ചക്കാട് ബാലചന്ദ്രൻ ഫേസ് ബുക്കിൽ കുറിച്ചത്:- കൊറോണക്കാലത്തെ വായന ...... തീജ്വാലയുടേയും രക്തത്തിന്റെയും നിറങ്ങൾക്കിടയിൽ വായിക്കാം വിളറിയതാമൊരു ചുവപ്പുനിറം. വീണ്ടെടുപ്പിനും അതിജീവനത്തിനും വെളിച്ചത്തിലലിയാനും ഉതകുന്നത്. മുറിവുണക്കുന്നത് കരുത്തുപകരുന്നത് അപമരണത്തെയും നിലവിളിയേയും കൊടും വിശപ്പിനേയും അകറ്റുന്നത്. ഇനിയുള്ള രചനയിൽ തൂലികകൾക്കായി പുതു ചുവപ്പിന്റെ മഷി.