കൊല്ലം: "അത്താഴ പട്ടിണിക്കാരുണ്ടോ?"- അതിഥി തൊഴിലാളി കേന്ദ്രങ്ങളിൽ കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ ക്ഷേമാന്വേഷകനായി ദിനവും എത്തുകയാണ്. പൊതിച്ചോർ വേണ്ട, തങ്ങൾ പാചകം ചെയ്തുകഴിച്ചോളാം എന്ന് തൊഴിലാളികൾ അറിയിച്ചതിനാൽ അവർക്കുള്ള അരിയും പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളുമടക്കം എത്തിച്ച് നൽകുന്നുമുണ്ട്. കുളക്കട പുത്തൂർമുക്കിലെ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് 250 പേരുണ്ട്. ആയൂരിൽ 150 പേരും. മറ്റ് വിവിധ മേഖലകളിലായി ആയിരത്തിലിധം തൊഴിലാളികൾ റൂറൽ ജില്ലയിലുണ്ട്. ഇവരുടെ പട്ടിക നേരത്തേതന്നെ തയ്യാറാക്കിയിരുന്നു. പ്രതിഷേധങ്ങളുമായി അതിഥി തൊഴിലാളികൾ എത്തുംമുൻപുതന്നെ ക്ഷേമാന്വേഷണവും സഹായവുമായി റൂറൽ പൊലീസ് സജീവമായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തുകയും തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ നേരിൽകേട്ട് പരിഹാരമുണ്ടാക്കുന്നതിനുമായാണ് റൂറൽ എസ്.പി നേരിട്ട് ഓരോ കേന്ദ്രങ്ങളിലും എത്തുന്നത്.