police-

കൊല്ലം: പത്രവിതരണക്കാരെയും ക്ഷേത്ര പൂജാരികളെയും കസ്റ്റഡിയിലെടുത്ത് എഴുകോൺ പൊലീസിന്റെ നെറികേട്. ഇന്ന് രാവിലെയാണ് പത്രവിതരണം ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ എഴുകോൺ ചീരങ്കാവ് സ്വദേശി വിനയനെ പരുത്തൻപാറയിൽ വച്ച് എസ്.ഐയും സംഘവും തടഞ്ഞുനിർത്തിയത്. പത്രം വിതരണം ചെയ്യാൻ പോയതാണെന്ന് തെളിവുകൾ കാട്ടി ബോദ്ധ്യപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. വിനയനെ ബൈക്ക് സഹിതം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.

പത്ര വിതരണത്തിന് യാതൊരുവിധ തടസങ്ങളുമുണ്ടാക്കരുതെന്ന കർശന നിർദ്ദേശമുള്ളപ്പോഴാണ് എഴുകോൺ പൊലീസിന്റെ നെറികേട്. എഴുകോൺ കൊച്ചുവീട്ടിൽക്കാവ് ക്ഷേത്രത്തിലെ ശാന്തികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന ശാന്തിക്കാരൻ ബിജുവിനെ കോയിക്കൽ ക്ഷേത്രത്തിന് സമീപംവച്ചാണ് എസ്.ഐ കസ്റ്റഡിയിലെടുത്തത്. നടതുറന്ന് പ്രഭാത പൂജകൾ കഴിഞ്ഞ് വരികയാണെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. രണ്ട് സംഭവങ്ങളും കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വാഹനങ്ങൾ വിട്ടുനൽകിയത്.