പൊന്മന: തേവലക്കര കോയിവിള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിലെ അഭയാർത്ഥികൾക്ക് സഹായഹസ്തവുമായി പൊന്മന കാട്ടിൽമേക്കതിൽ ദേവീ ക്ഷേത്രം. സുമനസുകളുടെ സഹായത്തോടെയാണ് ബിഷപ്പ് ജെറോം അഭയകേന്ദ്രം പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇത്തരത്തിലുള്ള സഹായങ്ങളൊന്നും ലഭിക്കാതെയായി. ഈ സാഹചര്യത്തിലാണ് ക്ഷേത്രം കാരുണ്യ പ്രവൃത്തി ഏറ്റെടുത്തത്. അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണം തയ്യാറാക്കാനായി അഞ്ച് ചാക്ക് അരി, പത്ത് കിലോ വീതം പഞ്ചസാര, റവ, അരിപ്പൊടി, അഞ്ച് കിലോ വീതം പയർ, വെളിച്ചെണ്ണ, മൂന്ന് കിലോ വീതം മുളക് പൊടി, മല്ലിപ്പൊടി, രണ്ട് കിലോ തേയില തുടങ്ങിയ പല വ്യഞ്ജനങ്ങളും പച്ചക്കറികളുമാണ് എത്തിച്ചത്.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സന്തോഷ് കുമാർ, സെക്രട്ടറി ടി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കളെത്തിച്ചത്. തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ. ഷിഹാബ്, പഞ്ചായത്ത് അംഗം ഓമനക്കുട്ടൻ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ലക്ഷക്കണക്കിന് ദുരിതബാധിതർക്ക് കാട്ടിൽ മേക്കതിൽ ക്ഷേത്രം വസ്ത്രങ്ങളും ഭക്ഷണവും എത്തിച്ചിരുന്നു.