കൊല്ലം: ലോക്ക് ഡൗണിൽ കടൽ, കായൽ മത്സ്യങ്ങൾ ലഭിക്കാതായതോടെ വളർത്തുമത്സ്യങ്ങൾക്ക് പ്രിയമേറുന്നു. ഇതോടെ കുളത്തിലും കൂട്ടിലും മത്സ്യ കൃഷി നടത്തുന്നവർക്ക് അദ്ധ്വാനത്തിന് ആനുപാതികമായി ലാഭം ലഭിക്കുന്നുണ്ട്. വിഷാംശം കലരാത്ത മത്സ്യം ചുറ്റുവട്ടത്തുതന്നെ ലഭിക്കുന്നതാണ് ആവശ്യക്കാർ വർദ്ധിക്കാൻ കാരണം.
ജില്ലയിലെ ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും മത്സ്യക്കൃഷിയും വിപണനവും സജീവമാണ്. ആകർഷക സബ്‌സിഡിയും പദ്ധതികളും പ്രഖ്യാപിച്ച് ഫിഷറീസ് വകുപ്പ് അടുത്തിടെ ധാരളം കർഷകരെ മത്സ്യക്കൃഷിയിലേക്ക് എത്തിച്ചിരുന്നു. യുവാക്കൾ, വിദ്യാർത്ഥികൾ, സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, മുതിർന്ന പൗരന്മാർ, വീട്ടമ്മമാർ തുടങ്ങി വിവിധ വിഭാഗത്തിലുള്ളവർ ഇക്കൂട്ടത്തിൽപെടും.
കുളങ്ങൾ, പറമ്പിൽ നിർമ്മിച്ച ടാങ്കുകൾ, ജലാശയങ്ങളിൽ വല ഉപയോഗിച്ച് നിർമ്മിച്ച പ്രത്യേക കൂടുകൾ എന്നിവിടങ്ങളിലാണ് കൃഷി നടത്തുന്നത്. മത്സ്യ കുഞ്ഞുങ്ങളെ നൽകുന്നതിനൊപ്പം തീറ്റയ്ക്ക് സബ്‌സിഡിയും മറ്റ് സഹായങ്ങളും നൽകി ഫിഷറീസ് വകുപ്പും കർഷകർക്കൊപ്പമുണ്ട്. കർഷകരെ സഹായിക്കാനും കൃഷി വ്യാപനത്തിനുമായി എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ജീവനക്കാരെയും നിയമിച്ചു. ഇതിന്റെ ആകെ തുകയാണ് ഈ മേഖലയിൽ ഇന്ന് കാണുന്ന മുന്നേറ്റം.
രോഹു മുതൽ കരിമീൻ വരെ
മൺറോത്തുരുത്, തൃക്കരുവ, പെരിനാട്, പനയം, കരുനാഗപ്പള്ളി ഭാഗങ്ങളിൽ കൂട് കരിമീൻ കൃഷി വ്യാപകമാണ്. ഉപ്പ് വെള്ളത്തിൽ വളരുന്ന ഇനം കരിമീനാണിത്. കാര ചെമ്മീൻ, വനാമി കൊഞ്ച്, നാരൻ കൊഞ്ച്, ഞണ്ട് എന്നിവയും മൺറോത്തുരുത് ഉൾപ്പെടുന്ന അഷ്ടമുടി ഭാഗങ്ങളിൽ ലഭ്യമാണ്. രോഹു, കട്ല, മൃഗാൽ, ആസാം വാള, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളും നാട്ടിടങ്ങളിലും നഗരങ്ങളിലും ലഭ്യമാണ്.
ശുദ്ധമായ മീൻ കൺമുന്നിൽ
ചുറ്റുവട്ടത്തുതന്നെ ശുദ്ധമായ മീൻ ലഭിക്കുമെന്നതാണ് വളർത്തു മത്സ്യങ്ങളോട് ജനങ്ങളുടെ താല്പര്യം വർദ്ധിപ്പിക്കുന്നത്. ആറു മാസം വളർച്ചയെത്തിയ രോഹു, കട്ല തുടങ്ങിയ മത്സ്യസങ്ങൾ ഒരെണ്ണം 350 ഗ്രാമിലേറെ തൂക്കം വരുന്നതാണ്. ഇവയുടെ രുചിയും പലരെയും ആകർഷിക്കുന്ന കാരണങ്ങളിലൊന്നാണ്.
മത്സ്യത്തിന്റെ ഇന്നലത്തെ ശരാശരി വില കിലോഗ്രാമിന്
(പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ചു മാറ്റം വരാം)
1.രോഹു : 250 രൂപ
2.കട്ല : 250
3. മൃഗാൽ : 250
4.ആസാം വാള : 250
5.തിലാപ്പിയ : 300
6.കരിമീൻ : 600
7.കാര ചെമ്മീൻ : 800
8.വനാമി കൊഞ്ച് : 800
9.നാരൻ കൊഞ്ച് : 400 മുതൽ 600 വരെ
10.ഞണ്ട് : 600
.......................................................
വളർത്തു മത്സ്യങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാർ കൂടുതലാണ്. അദ്ധ്വാനത്തിനു അനുസരിച്ചു വരുമാനം കർഷകർക്ക് ലഭിക്കുന്ന സാഹചര്യമാണിപ്പോൾ.
ഷിബു ജോസഫ്, അഷ്ടമുടിയിലെ കരിമീൻ കർഷകൻ.
.........................................
1952 മത്സ്യ കർഷകർ ജില്ലയിലുണ്ട്. വിളവെടുപ്പിനു പ്രായമായ മത്സ്യങ്ങളെ കർഷകർ ആവശ്യക്കാർക്ക് നൽകുന്നുണ്ട്.
പി. ഗീതാകുമാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ