corona

ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ മഹാമാരിയാണ് കൊവിഡ് -19. ഈ മാരക വൈറസിനെ പിടിച്ചു കെട്ടാൻ ശാസ്ത്രലോകം അഹോരാത്രം അധ്വാനിക്കുകയാണ്. അതുവരെ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഏക പ്രതിരോധ മാർഗം. ശുചിത്വം ശീലിക്കുക, ആളുകളുമായി പരമാവധി അകലം പാലിക്കുക എന്നതാണ് ഓരോരുത്തർക്കും ചെയ്യാൻ സാധിക്കുന്നത്. ഈ അവസരത്തിൽ മറ്റൊരു മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് ബ്രിട്ടനിലെ ഒരു ബ്യൂട്ടി എക്‌സ്‌പെർട്ട് ഡോ. എലിസബത്ത് ദാൻസി.

കോവിഡ് 19നെ തടയാൻ നഖങ്ങൾ എപ്പോഴും വെട്ടി വൃത്തിയാക്കാനാണ് എലിസബത്ത് പറയുന്നത്. നമ്മൾ എത്രയൊക്കെ കൈകൾ വൃത്തിയാക്കിയാലും നഖങ്ങൾക്കുള്ളിൽ അഴുക്ക് അടിഞ്ഞിരിക്കാൻ സാധ്യതയുണ്ട്. ഇത് വൈറസിന് നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കാൻ വഴി എളുപ്പമാക്കും. നീണ്ട നഖങ്ങൾ, നെയിൽ എക്‌സ്റ്റെൻഷനുകൾ, നെയിൽ വാർണിഷ് എന്നിവ തത്കാലം വേണ്ട എന്നാണ് എലിസബത്ത് പറയുന്നത്.

കൈകൾ വൃത്തിയായി കഴുകാനും ഓരോ വട്ടവും സാനിറ്റൈസറുകൾ ഉപയോഗിക്കാനും വിദഗ്ധർ പറയുന്നുണ്ടെങ്കിലും ആരും നഖങ്ങൾ വെട്ടുന്നതിനെ കുറിച്ച്‌ പറയുന്നില്ല എന്ന് എലിസബത്ത് പറയുന്നു. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ വളരാൻ നീണ്ട നഖങ്ങൾ കാരണമാകും. കൈകൾ എത്ര വൃത്തിയാക്കിയാലും ഇത് ചിലപ്പോൾ പൂർണ്ണമായും പോകില്ല. ഈ സമയം നെയിൽ പോളിഷ് പോലും ഇടാതെയിരിക്കുന്നതാണ് നല്ലതെന്ന് എലിസബത്ത് പറയുന്നു.