f
ആനവണ്ടി ഓടിത്തുടങ്ങി, ടിക്കറ്റും കണ്ടക്ടറും ഇല്ലാതെ

കൊല്ലം: ആരോഗ്യ പ്രവർത്തകരെ ആശുപത്രികളിലെത്തിക്കാനും വീടുകളിൽ മടക്കി എത്തിക്കാനുമായി കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി. കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്കുള്ള സർവീസുകളാണ് ഇന്നലെ ആരംഭിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ജീവനക്കാർക്കായി കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിൽ നിന്ന് സർവീസ് ആരംഭിക്കണമെന്ന് ആവശ്യമുണ്ട്. കളക്ടർ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ബസിൽ ഡ്രൈവർ മാത്രമേ ഉണ്ടാകൂ. ഡി.എം.ഒ അനുവദിക്കുന്ന പാസുള്ള ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് യാത്രാനുമതി.

സർവീസുകൾ ഇങ്ങനെ

കരുനാഗപ്പള്ളിയിൽ നിന്ന് വണ്ടാനത്തേക്ക്: രാവിലെ 6.30, 8.30, വൈകിട്ട് 4.30

വണ്ടാനത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക്: രാവിലെ 8.30, വൈകിട്ട് 5.00, 6.30

പെട്രോൾ പമ്പ് ജീവനക്കാരെയും കയറ്റണം

ആരോഗ്യ പ്രവർത്തകർക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന പ്രത്യേക സർവീസിൽ പെട്രോൾ പമ്പ് ജീവനക്കാരെയും കയറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിൽ ഏകദേശം 200 ഓളം പമ്പുകളുണ്ട്. ഒരു പമ്പിൽ കുറഞ്ഞത് 10 ജീവനക്കാരെങ്കിലും ഉണ്ടാകും. 35 തൊഴിലാളികളുള്ള പമ്പുകൾ വരെയുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്ത്രീ തൊഴിലാളികൾക്ക് എത്താനാകുന്നില്ല. പ്രത്യേക പാസുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങളിലെത്തുന്ന പമ്പ് തൊഴിലാളികളെ പൊലീസ് പലയിടങ്ങളിലും തട‌ഞ്ഞുനിറുത്തുകയാണ്. അതിനാൽ പല തൊഴിലാളികളും പമ്പിൽ തന്നെ തങ്ങുകയാണ്. കൊല്ലം നഗരത്തിലെ പമ്പിൽ എഴുകോണിൽ നിന്ന് വരുന്ന തൊഴിലാളികളുണ്ട്.

''പല പമ്പുകളിലെയും തൊഴിലാളികൾ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്നവരാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ വാഹനസൗകര്യമില്ലാതെ വലയുകയാണ്. അതിനാൽ കെ.എസ്.ആർ.ടി.സി നടത്തുന്ന പ്രത്യേക സർവീസിൽ പമ്പ് ജീവനക്കാരെക്കൂടി കയറ്റണം.''

ആൻഡ്രൂ ജോർജ്ജ് (കൊല്ലം ജില്ലാ പെട്രോളിയം ‌ഡീലേഴ്സ് അസോസിയഷൻ വൈസ് പ്രസിഡന്റ്)