കൊല്ലം: അതിഥി തൊഴിലാളികൾക്ക് കൂടി ഭക്ഷണം നൽകി കൊല്ലത്തെ സാമൂഹിക അടുക്കളകൾ കൂടുതൽ ജനകീയമാകുന്നു. ജില്ലയിലെ ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലും അതിഥി തൊഴിലാളികളുണ്ട്. ലോക്ക് ഡൗണിൽ തൊഴിലും വരുമാനവും ഇല്ലാതായ ഇവർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് സാമൂഹിക അടുക്കളകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. വിശന്നിരിക്കേണ്ടി വരില്ലെന്ന ആത്മവിശ്വാസവും ധൈര്യവും സാധാരണക്കാർക്ക് നൽകാനായി എന്നതാണ് ഇവയുടെ നേട്ടം.
ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന എല്ലാ പ്രതിരോധ മാനദണ്ഡങ്ങളും അനുസരിച്ചാണ് അടുക്കളയും ഭക്ഷണ വിതരണവും സജ്ജമാക്കിയത്. ഓരോ പഞ്ചായത്ത് വാർഡിലും ഭക്ഷണ വിതരണത്തിനായി പ്രത്യേക സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. ഭക്ഷണം ലഭിക്കേണ്ടവരെ കണ്ടെത്തേണ്ട ചുമതലയും ഇവർക്ക് നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപങ്ങൾക്കാണ് അടുക്കളയുടെ നടത്തിപ്പ് ചുമതല. ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകൾ, പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ, കൊല്ലം നഗരസഭ എന്നിവിടങ്ങളിൽ ജനങ്ങളുടെ ഒന്നാകെ പിന്തുണ പദ്ധതിക്കുണ്ട്.
രണ്ടും മൂന്നും അടുക്കളകൾ ഒരേ സമയം പ്രവർത്തിപ്പിക്കുന്ന ഗ്രാമ പഞ്ചായത്തുകളും ജില്ലയിലുണ്ട്. ഉച്ചയൂണ് മാത്രമല്ല പ്രഭാതഭക്ഷണവും അത്താഴവും ഇവിടെ നിന്ന് ലഭിക്കും. നിരാലംബർക്കും കയ്യിൽ പണമില്ലാത്തവർക്കും സൗജന്യ ഭക്ഷണം ലഭ്യമാണ്. ഇത്തരക്കാരെ കണ്ടെത്തി ഭക്ഷണം വീടുകളിലെത്തിക്കുന്നുമുണ്ട്. മറ്റുള്ളവർക്ക് 20 രൂപ നിരക്കിൽ ചോറ്, അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, പുളിശേരി എന്നിവ അടങ്ങിയ ഉച്ചയൂണ് വാങ്ങാം. ഫോണിൽ ബന്ധപ്പെട്ടാൽ വീടുകളിൽ പൊതി എത്തിച്ചുനൽകും. അഞ്ച് രൂപ വിതരണ നിരക്ക് ഉൾപ്പെടെ 25 രൂപ ഇതിന് ഈടാക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ തിങ്കളാഴ്ച കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.