പത്തനാപുരം: രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്നലെ രാവിലെ ബാങ്ക് തുറന്നതോടെ ക്ഷേമ പെൻഷനുകളുൾപ്പെടെ കൈപ്പറ്റാനായി ദേശസാത്കൃത ബാങ്കുകളിൽ ഇടപാടുകാരുടെ നീണ്ടനിര ദൃശ്യമായി. ആദ്യം അഞ്ചുപേരെ മാത്രം ബാങ്കിനുള്ളിൽ കയറ്റി വിട്ടെങ്കിലും ഇടപാടുകാരുടെ എണ്ണം കൂടിയതോടെ ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കാതെ ഉപഭോക്താക്കൾ ബാങ്കിനുള്ളിലേക്ക് തള്ളിക്കയറി. കൊറോണ വൈറസ് ബാധയെ തുടർന്ന് ക്ഷേമപെൻഷനുകൾ മുടക്കം വന്ന തവണകളുൾപ്പെടെ ഈ മാസം കൊടുത്തുതീർക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പെൻഷൻ തുക സഹകരണ മേഖലയിലെ ജീവനക്കാർ വീടുകളിലെത്തിക്കാനും തുടങ്ങിയിരുന്നു. എന്നാൽ കുറേയധികം പേരുടെ ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാലാണ് ആളുകൾ ബാങ്കുകളിൽ തിക്കിത്തിരക്കിയത്. പത്തനാപുരം സി.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് ബാങ്കുകളിൽ ആളുകളെ നിയന്ത്രിച്ചത്.