photo
മഞ്ജു മക്കൾ യഥു കൃഷ്ണനും മാധവ് കൃഷ്ണനുമൊപ്പം

കൊല്ലം: കൊറോണക്കാലത്ത് സൗജന്യമായി മാസ്ക് തുന്നി നൽകുന്ന കുളത്തൂപ്പുഴയിലെ മഞ്ജുവിന് വീണ്ടും സ്നേഹ സമ്മാനം. മുംബൈയിലെ സുരസാ ഫാബ്രിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എം.ഡി ചവറ മനയിൽ പന്മന അജിത് ഭവനത്തിൽ സുരേന്ദ്രൻ ജെ.കൊല്ലകയാണ് പതിനായിരം രൂപ സമ്മാനമായി നൽകിയത്. എസ്.എൻ.ഡി.പി യോഗം ചവറ യൂണിയനിലെ 5386-ാം നമ്പർ പന്മന ശാഖയുടെ മുൻ സെക്രട്ടറി കൂടിയാണ് സുരേന്ദ്രൻ. ലോക്ക് ഡൗൺ മൂലം യാത്രചെയ്യാനാകാത്തതിനാൽ മഞ്ജുവിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്.

ജീവിത ദുരിതങ്ങൾക്കിടയിലും സൗജന്യമായി മാസ്കുകൾ തുന്നി നൽകുന്ന മഞ്ജുവിനെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞദിവസം കാൽ ലക്ഷം രൂപ സമ്മാനമായി നൽകി. മഞ്ജുവിനെ അറിയുന്നവരും അറിയാത്തവരുമായി നൂറുകണക്കിനാളുകളാണ് അഭിനന്ദനം നേരിട്ടും ഫോണിലും അറിയിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ പ്രളയസമയത്ത് പത്തനംതിട്ട ജില്ലയിലെ സേവന പ്രവർത്തനങ്ങൾക്കായി ഓടി നടന്നിരുന്ന ഭർത്താവ് മധുവിന്റെ അകാല വിയോഗത്തിന്റെ ദുഃഖം ഉള്ളിലൊതുക്കിയാണ് മഞ്ജു അയ്യായിരത്തിലധികം മാസ്കുകൾ തുന്നി നൽകിയത്. പ്രളയ മേഖലയിൽ നിന്ന് തിരികെയെത്തിയപ്പോൾ മഞ്ഞപ്പിത്തം ബാധിച്ചാണ് മധു മരണപ്പെട്ടത്. കടംകയറി കിടപ്പാടം നഷ്ടപ്പെട്ടതോടെ രണ്ട് മക്കളെയും കൂട്ടി അനിയത്തിയുടെ വീട്ടിലേക്ക് താമസം മാറിയ മഞ്ജുവിന്റെ നല്ല മനസ് വാർത്തയിലൂടെ എല്ലാവരും അറിഞ്ഞിരിക്കുന്നു. 'നന്മ ചെയ്യുന്നവരുടെ ജാതി നോക്കാതെ അഭിനന്ദിക്കണമെന്ന' വെള്ളാപ്പള്ളിയുടെ വാചകം മനസിൽ തട്ടിയാണ് സുരേന്ദ്രനും മഞ്ജുവിന് സ്നേഹ സമ്മാനം നൽകാൻ തീരുമാനിച്ചത്.