f
ഉപഭോക്താക്കളെ കൊള്ളയടിക്കാൻ മൊത്ത- ചില്ലറ വ്യാപാരികളുടെ ഒത്തുകളി

സംഭവം കൈയ്യോടെ പിടികൂടി വിജിലൻസ്

കൊച്ചുള്ളിക്ക് 15 മുതൽ 25 രൂപ വരെ അധികമായി ഈടാക്കുന്നു

കൊല്ലം: ലോക്ക് ഡൗൺ കാലത്ത് അമിതവില ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള മൊത്ത കച്ചവടക്കാരുടെയും ചില്ലറ വ്യാപാരികളുടെയും ഒത്തുകളി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈയ്യോടെ പിടികൂടി. ചില്ലറ വ്യാപാരികൾ കുടുങ്ങാതിരിക്കാൻ വെള്ള പേപ്പറിൽ ബില്ല് നൽകിയാണ് ഒത്തുകളി.

പായിക്കടയിലെയിലെയും മെയിൻ റോഡിലെയും ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന. മൊത്തക്കടകളിൽ ഒരു കിലോ ഉള്ളിക്ക് 75 മുതൽ 80 രൂപ വരെയാണ് വില. എന്നാൽ തൊട്ടടുത്ത ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ 95 രൂപ വരെയാണ് വാങ്ങുന്നത്. ഇവരോട് ഉള്ളി വാങ്ങിയതിന്റെ ബില്ല് ആവശ്യപ്പെട്ടപ്പോൾ വെള്ള പേപ്പറിൽ എഴുതിയ തുണ്ടുകളാണ് നൽകിയത്. എന്നാൽ മൊത്തവ്യാപാരികളോട് അന്വേഷിച്ചപ്പോൾ കൃത്യമായി ബില്ല് നൽകുന്നുണ്ടെന്നായിരുന്നു ആദ്യ മറുപടി. ബില്ലിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ പല വ്യാപാരികളും കൈമലർത്തി. രണ്ട് കൂട്ടരും സംയുക്തമായി ഉള്ളിവില ഉയർത്തുകയാണെന്ന് ഇതിലൂടെ വിജിലൻസ് സ്ഥിരീകരിച്ചു.

രാവിലെ 11 മുതലായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് ശേഷം കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി വകുപ്പ്, കൊല്ലം ഈസ്റ്റ് പൊലീസ് എന്നിവർ സംയുക്തമായി പായിക്കടയിലെയും മെയിൻ റോഡിലെയും വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലും തട്ടിപ്പ് സ്ഥിരീകരിച്ചു. കൊച്ചുള്ളിക്ക് ചെറുകിട കച്ചവടക്കാർ 15 മുതൽ 25 രൂപ വരെ വാങ്ങുന്നത് തെളിവോടെ പിടികൂടി. രണ്ട് ഘട്ടങ്ങളായി നടന്ന പരിശോധനകളുടെയും റിപ്പോർട്ട് നടപടിക്കായി വകുപ്പ് മേധാവികൾക്ക് കൈമാറി. വിജിലൻസ് സി.ഐ വി.ആർ. രവികുമാർ, എസ്.ഐമാരായ സുനിൽ, ഹരിഹരൻ, എ. എസ്.ഐമാരായ ബാബുകുട്ടൻ, സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.