ഭാര്യയും മക്കളും കിടപ്പാടം പോലുമില്ലാതെ ദുരിതത്തിൽ
കൊല്ലം: സുഹൃത്തിനു കടമായി നൽകിയ നാലുലക്ഷം രൂപ തിരികെ ലഭിക്കാത്തതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്ത നിർമ്മാണ തൊഴിലാളിയുടെ കുടുംബം ജീവിക്കാൻ വഴിയില്ലാതെ ദുരിതത്തിൽ. കഴിഞ്ഞ ശനിയാഴ്ചയാണ് പടിഞ്ഞാറേകല്ലട ഉള്ളുരുപ്പ് ഐത്തോട്ടുവ അവിട്ടത്തിൽ പ്രസാദ് കുമാറിനെ (49) താമസിക്കുന്ന ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണം തിരികെ കിട്ടാത്തതിനെ കുറിച്ച് ആത്മഹത്യാ കുറിപ്പിലും പ്രസാദ് എഴുതിയിരുന്നു.
ഗൾഫിലായിരുന്ന പ്രസാദ് നാട്ടിലെത്തി കൽപ്പണി ചെയ്യുന്നതിനിടെ പരിചയപ്പെട്ട കോൺട്രാക്ടർക്കാണ് സമ്പാദ്യമായ നാലുലക്ഷം രൂപ നൽകിയത്. മൂന്നുവർഷത്തിലേറെ കഴിഞ്ഞിട്ടും പണം തിരികെ നൽകാൻ സുഹൃത്ത് തയ്യാറായില്ല. ഒരു മാസത്തിനു മുമ്പ് പ്രസാദിന്റെ വീടിനുമുകളിലേക്ക് സമീപത്തു നിന്ന പുളിമരം വീണ് വാസയോഗ്യമല്ലാതായി. ഈ ഘട്ടത്തിൽ വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ പുതിയ വീടിന്റെ നിർമ്മാണം തുടങ്ങുമ്പോൾ നൽകാമെന്ന് ഉറപ്പ് ലഭിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വീടിന്റെ അടിസ്ഥാനം കെട്ടിയെങ്കിലും പണം ലഭിച്ചില്ല. ഇതിന്റെ സങ്കടത്തിലായിരുന്നു കുറേദിവസങ്ങളായി പ്രസാദ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും പ്രസാദിന്റെ മരണത്തിലേക്ക് നയിച്ച വ്യക്തിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
പ്രസാദിന്റെ ഭാര്യ തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ് സുനിതയും മക്കളായ ആതിരയും ആദിലും. കേറിക്കിടക്കാൻ കിടപ്പാടം പോലുമില്ല. പോളിടെക്‌നിക് വിദ്യാർഥിയായ ആതിരയുടെയും നാലാം ക്ലാസുകാരനായ ആദിലിന്റെയും പഠനവും ജീവിതവും വഴിമുട്ടുകയാണ്. ഈ കുടുംബത്തിന്റെ അതി ജീവനത്തിനു സുമനസുകളുടെ കരുതൽ അനിവാര്യമാണ്. ഫോൺ : 95624 12829.