lory
ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് പോകുന്ന ലോറി

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവ് ചെക്ക്പോസ്റ്റുകൾ വഴി കേരളത്തിലേക്കുള്ള ലോറികളുടെ വരവ് വർദ്ധിച്ചു. ഞായറാഴ്ച രാത്രി മുതലാണ് ചരക്ക് നീക്കം തുടങ്ങിയത്. പച്ചക്കറി, ഇറച്ചിക്കോഴി, പലചരക്ക് സാധനങ്ങൾ അടക്കമുള്ളവയുടെ ഇതുവഴിയുള്ള വരവ് കഴിഞ്ഞ ഒരാഴ്ചയായി ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിയിരുന്നു. ജില്ലാ റൂറൽ പൊലീസ് മേധാവിയും തെങ്കാശി പൊലീസ് സൂപ്രണ്ടും ചേർന്ന് ബോർഡറിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള ചരക്ക് ലോറികളുടെ വരവ് വർദ്ധിച്ചത്.

തമിഴ്നാട്ടിലെ ചുരണ്ട, ആലംകുളം, രാജപാളയം, മേട്ടുപ്പാളയം, തെങ്കാശി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നാണ് സവാള, ചെറിയ ഉള്ളി, കാരറ്റ്, ബീൻസ്, പച്ചമുളക് തുടങ്ങിയവ ആര്യങ്കാവിലെ അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി കേരളത്തിലേക്ക് എത്തുന്നത്. കൊല്ലം, പത്തംനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേക്കാണ് തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയും പലചരക്ക് സാധനങ്ങളും ആര്യങ്കാവ് വഴി ലോറികളിൽ എത്തിക്കാെണ്ടിരിക്കുന്നത്.