266 കേസുകളിലായി 204 വാഹനങ്ങൾ പിടിച്ചെടുത്തു
കൊല്ലം :ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ച 268 പേരെ ഇന്നലെ ജില്ലയിൽ പൊലീസ് അറസ്റ്റ് ചെയ്തു. 266 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 204 വാഹനങ്ങൾ പിടിച്ചെടുത്തു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ജില്ലയിലെമ്പാടും നടത്തുന്നുണ്ട്. പൊലീസ് ഇടപെടൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ പ്രധാന കവലകളിലും പ്രത്യേക ടെന്റുകൾ സ്ഥാപിച്ചു. സിറ്റി പൊലീസ് ഇന്നലെ 92 കേസുകളിലായി 93 പേരെ അറസ്റ്റ് ചെയ്യുകയും 70 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറൽ പൊലീസ് 174 കേസുകളിലായി 175 പേരെ അറസ്റ്റ് ചെയ്തതിനൊപ്പം 134 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വരെ നിയന്ത്രണങ്ങൾ അവഗണിച്ചവർക്കെതിരെ കൊല്ലം സിറ്റി പൊലീസ് 1124 കേസുകൾ രജിസ്റ്റർ ചെയ്തു.