കൊല്ലം: കൊറോണ സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയായ പ്രവാസിയുമായി സമ്പർക്കം പുലർത്തിയ 11 പേരുടെ പരിശോധന ഫലം നെഗറ്റീവെന്ന് സ്ഥിരീകരിച്ചു. രോഗി പരിശോധനയ്ക്കെത്തിയ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, അഞ്ചാലുംമൂട്, കൊല്ലം എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്സുമാർ, തൃക്കരുവ പി.എച്ച്.എസ്.സിയിലെ നഴ്സ്, കൊല്ലത്ത് നിന്ന് പ്രാക്കുളത്തേക്ക് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ എന്നിവർക്ക് പുറമേ വിമാനത്തിൽ ഒപ്പം യാത്ര ചെയ്ത 6 പേർ എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്.
റിനി കൃഷ്ണന് ആശ്വാസം
പ്രാക്കുളം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കൊറോണ ബാധിതനെന്ന് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ ക്രൂരമായ വ്യാജപ്രചാരണത്തിന് ഇരയായ കൂട്ടിക്കട സ്വദേശി റിനി കൃഷ്ണന് ഇന്നലെ ആശ്വാസത്തിന്റെ ദിനമായിരുന്നു. ഇന്നലെ നെഗറ്റീവെന്ന് സ്ഥിരീകരിച്ച പരിശോധനാ ഫലങ്ങളിലൊന്ന് റിനിയുടേതായിരുന്നു.
കഴിഞ്ഞ 18ന് പ്രാക്കുളം സ്വദേശിയെത്തിയ വിമാനത്തിലാണ് റിനിയും നാട്ടിലെത്തിയത്.അതിന് ശേഷം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് പ്രാക്കുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച പ്രാക്കുളം സ്വദേശിയുടെ വിമാന സഹയാത്രികരുടെ പട്ടിക ഉപയോഗിച്ചാണ് ഒരു വിഭാഗം വ്യാജ പ്രചാരണം നടത്തിയത്. ഇതോടെ റിനിക്ക് ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കളെത്തിച്ച പ്രദേശത്തെ പൊതുപ്രവർത്തകരും ആശങ്കയിലായി. ഇന്നലെ പരിശോധനാ ഫലം റിനിക്കൊപ്പം കൂട്ടിക്കടയിലൊന്നാകെ ആശ്വാസം പടർന്നു.