ചാത്തന്നൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജി.എസ്. ജയലാൽ എം.എൽ.എയുടെ നേതൃത്വത്തിൽ ചാത്തന്നൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ അവലോകന യോഗങ്ങൾ ചേർന്നു. ചാത്തന്നൂർ, ചിറക്കര ,കല്ലുവാതുക്കൽ, പൂയപ്പള്ളി, ആദിച്ചനല്ലൂർ പഞ്ചായത്തുകളിലാണ് യോഗങ്ങൾ നടന്നത്. വാർഡുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും വോളന്റിയർമാരുടെയും സഹകരണത്തോടെ നേതൃത്വത്തിൽ വീടുകളിൽ നിരീക്ഷണം ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു.
മണ്ഡലത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മണ്ഡലത്തിലെ 167 കേന്ദ്രങ്ങൾ പഞ്ചായത്ത് അധികൃതർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ച് അവരുടെ താമസവും ഭക്ഷണവും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തി. എല്ലാ പഞ്ചായത്തുകളിലും പരവൂർ നഗരസഭയിലും രണ്ട് വീതം കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തനമാരംഭിച്ചതായും എം.എൽ.എ അറിയിച്ചു.
പഞ്ചായത്തുകളിൽ നടന്ന യോഗങ്ങളിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഭാഷ്, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസ റാവുത്തർ എന്നിവർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറി, മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. പരവൂർ മുനിസിപ്പാലിറ്റിയിലും പൂതക്കുളം പഞ്ചായത്തിലും ഇന്ന് അവലോകന യോഗം നടക്കും.