കൊറോണ വൈറസ് കാരണം അതീവ ജാഗ്രതയിലാണ് രാജ്യം. വീടിനുള്ളിൽ ഇരിക്കുന്നതിനിടെ തുറന്ന് പറച്ചിലുകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്. ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് സിനിമയിലെ തുടക്ക കാലത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
'ലോക്ക് ഡൗണിലായതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്തത് പലർക്കും മാനസികമായ ബുദ്ധിമുട്ടുകൾക്ക് കാരണമായിട്ടുണ്ടാകുമെന്ന് പറഞ്ഞ് കൊണ്ടാണ് കങ്കണ സംസാരിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് മോശം സമയം അല്ലെന്നും അങ്ങനെ ഒരിക്കലും വിചാരിക്കരുത് എന്നുമാണ് താരം പറയുന്നത്. എനിക്ക് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങി പോരുന്നത്.
എന്റെ കൈകൾകൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ സ്വന്തമാക്കാം എന്നാണ് ആ സമയത്ത് ചിന്തിച്ചിരുന്നത്. വീട്ടിൽ നിന്ന് ഇറങ്ങി വന്നതിന് ശേഷം ഞാൻ താരമായി. ഒന്നര രണ്ട് വർഷത്തിനുള്ളിൽ മയക്കു മരുന്നിന് അടിമയായി. എന്റെ ജീവിതം മുഴുവൻ താറുമാറായി. പ്രത്യേക തരത്തിലുള്ള ആളുകൾക്കൊപ്പമായിരുന്നു ഞാൻ. മരണത്തിന് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയുമായിരുന്നുള്ളു. കൗമാര കാലഘട്ടത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. തുടർന്ന് ആത്മീയതയിലേക്ക് നീങ്ങിയതോടെയാണ് തന്റെ ജീവിതം മാറിയത്. യോഗ ചെയ്യാൻ സുഹൃത്ത് തന്നോട് പറഞ്ഞു. എന്നാൽ ആദ്യം കണ്ണുകൾ നിറഞ്ഞു ഒഴുകുന്നതിനാൽ കണ്ണടക്കാൻ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് താൻ സ്വാമി വിവേകാനന്ദനെ ഗുരുവാക്കുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ജീവിതം മാറുകയായിരുന്നുവെന്നും കങ്കണ പറയുന്നു'. 2006 ൽ ഗ്യാങ്സ്റ്റർ എന്ന സിനിമയിലൂടെയാണ് കങ്കണ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചിരുന്നു. ശേഷം നായികയായി ഒരുപാട് സിനിമകളിൽ അഭിനയിച്ചു. അഭിനയത്തിനൊപ്പം നിർമാണത്തിലും സംവിധാനത്തിലുമെല്ലാം കങ്കണ മികവ് കാട്ടി.