കൊല്ലം: കൊട്ടാരക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളുടെ പ്രിൻസിപ്പലമ്മ ഇന്ന് വിരമിക്കുകയാണ്. ഡോ.കെ.വത്സലാമ്മയെ കുട്ടികൾ മിക്കവരും അമ്മയെന്നാണ് വിളിക്കാറ്. മികച്ച ഹയർസെക്കൻഡറി അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമടക്കം വത്സലാമ്മയെ തേടിയെത്തിയത് അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനത്തിന്റെ അംഗീകാരമായിട്ടാണ്. കൊട്ടാരക്കര പെരുംകുളം പുളിഞ്ചിവിള വീട്ടിൽ രാമചന്ദ്രൻ പിള്ള-സരസമ്മ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തയാളായ വത്സലാമ്മ കൊട്ടാരക്കര ഗവ.ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര എസ്.ജി കോളേജ്, കൊല്ലം എസ്.എൻ ഓപ്പൺ എഡ്യൂക്കേഷൻ സെന്റർ എന്നിവിടങ്ങളിലായിട്ടാണ് പഠനപ്രവർത്തനങ്ങൾ നടത്തിയത്. പൊളിറ്റിക്കൽ സയൻസിൽ പി.ജി രണ്ടാം റാങ്കോടെ പാസായി. കാര്യവട്ടം കാമ്പസിൽ നിന്നും ഡോക്ടറേറ്റ് നേടി. 1990ൽ മലപ്പുറം കടുങ്ങപുരം ഗവ.ഹൈസ്കൂളിൽ അദ്ധ്യാപികയായിട്ടാണ് സർക്കാർ സർവ്വീസിലെത്തിയത്. 1997ൽ എറണാകുളം ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് മാറി. 2005ൽ അടൂർ തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായി. 2007ൽ ആണ് കൊട്ടാരക്കരയിലെത്തിയത്.
തകർച്ചയിലായിരുന്ന വിദ്യാലയത്തിന്റെ നല്ലകാലം തുടങ്ങിയത് ടീച്ചറിന്റെ വരവോടെയായിരുന്നു. ഇപ്പോൾ ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളുടെ മുൻനിരയിലാണ് കൊട്ടാരക്കര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥാനം. ഹൈടെക് കെട്ടിടങ്ങളും സൗകര്യങ്ങളും ആയിക്കൊണ്ടിരിക്കുന്ന വേളയിലാണ് ടീച്ചർ സ്കൂളിന്റെ പടിയിറങ്ങുന്നത്. സ്കൂളിലെ ഓരോ കുട്ടിയെയും പേരെടുത്ത് വിളിക്കാൻ ടീച്ചർക്ക് കഴിയും. അമ്മയോട് പറയുന്നതിനേക്കാൾ സ്വാതന്ത്ര്യത്തോടെ കുട്ടികൾക്ക് എന്ത് വിഷയവും ടീച്ചറോടും പറയാം. അമ്മയെന്ന് കുട്ടികൾ വിളിച്ചുതുടങ്ങിയതും അതുകൊണ്ടാണ്. ടീച്ചറെപ്പറ്റി കുട്ടികൾ തന്നെ ഡോക്യുമെന്ററിയും പുസ്തകവുമൊക്കെ ഇറക്കിയിരുന്നു.