കൊല്ലം: ആന്റണി ജോർജ്ജിന്റെ ഇലക്ട്രിക് കാർ കൊല്ലത്തുകാർക്ക് ഇപ്പോഴും കൗതുകമാണ്! ലോക്ക് ഡൗണിന്റെ നിയന്ത്രണമുള്ളപ്പോഴും സാധനങ്ങൾ വാങ്ങാനും മറ്റുമായി നിരത്തിലേക്ക് ഈ കാറെത്തുന്നുണ്ട്. പെട്രോൾ പമ്പുകൾ അടച്ചാലും ആന്റണിയുടെ യാത്രയ്ക്ക് ബുദ്ധിമുട്ടില്ല. കാരണം വൈദ്യുതിയിലാണ് പ്രവർത്തനം. 40 കിലോ മീറ്ററിന് ചെലവ് മൂന്നേകാൽ രൂപ മാത്രം. 14 വർഷമായി ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്ന കൊല്ലം രാമൻകുളങ്ങര മമതാനഗർ-105ൽ പുൽക്കൂട് വീട്ടിൽ ആന്റണി ജോൺ (66) സ്വയം ഇലക്ട്രിക് കാർ നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ബംഗളൂരുവിൽ നിന്ന് ഒരു ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കി. മൂന്ന് വർഷം മുൻപ് സ്വന്തമായി ഒരെണ്ണം നിർമ്മിച്ചു. മഴയത്തും വെയിലത്തും യാത്ര ചെയ്യാൻ കാർ വേണമെന്നായപ്പോൾ അതു സ്വന്തമായി നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. സുഹൃത്ത് കാവനാട് കന്നിമ്മേൽച്ചേരി ഭാർഗ്ഗവീ നിലയത്തിൽ വിശ്വനാഥൻ ആചാരിയുടെ (69) സഹായത്തോടെ കാർ നിർമ്മാണം തുടങ്ങി. ആറടി നീളവും മൂന്നടി വീതിയും നാലരയടി പൊക്കവും നൂറ് കിലോ ഭാരവുമുള്ള ചെറിയൊരു കാർ പൂർത്തിയാകാൻ ഒരു വർഷമെടുത്തു.
മെറ്റൽ ഷീറ്റ് ഉപയോഗിച്ചാണ് ബോഡി നിർമ്മിച്ചത്. ജി.ഐ പൈപ്പ് ചെയ്സ് ആക്കിമാറ്റി. ഇലക്ട്രിക് എൻജിനീയറായ സിയാദിന്റെ സഹായത്തോടെ ഇലക്ട്രിക് ജോലികളും പൂർത്തിയാക്കി. ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് കാർ പ്രവർത്തിക്കുക. ലിഥിയം അയൺ ബാറ്ററിയാണ് ഇതിന് ഉപയോഗിക്കുന്നത്. മൂന്ന് മണിക്കൂർ മതിയാകും ഇത് ഫുൾ ചാർജ്ജാകാൻ. ഒരു യൂണിറ്റ് വൈദ്യുതിയാണ് ഇതിന് വേണ്ടത്. 40 മുതൽ 50 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ ചാർജ്ജ് മതിയാകും. ശരാശരി കണക്കുകൂട്ടിയാൽ ഒരു യൂണിറ്റിന് മൂന്നേകാൽ രൂപയിൽ താഴെ മാത്രവേ വൈദ്യുതി തുകയാവുകയുള്ളു. കാറിൽത്തന്നെ സൂക്ഷിക്കാവുന്ന ചാർജ്ജിംഗ് യൂണിറ്റായതിനാൽ ദൂരയാത്രയ്ക്ക് ഉപയോഗിക്കാം. 25 കിലോമീറ്ററാണ് പരമാവധി വേഗത.
രജിസ്ട്രേഷനും നമ്പരും ഡ്രൈവിംഗിന് ലൈസൻസും വേണ്ട. സാധാരണ കാറിൽ ഉള്ള സംവിധാനങ്ങളൊക്കെ ഈ കാറിലുമുണ്ട്. ആക്സിലേറ്ററും ബ്രേക്കുമൊക്കെ സാധാരണപോലെ. എന്നാൽ ഗിയർ ഇല്ല. റിവേഴ്സ് ഗിയർ പ്രത്യേകമുണ്ട്. മുൻ സീറ്റിൽ ഒരാൾക്ക് വിശാലമായി ഇരിക്കാം. അത്യാവശ്യ ഘട്ടത്തിൽ ഒരാളെക്കൂടി കഷ്ടിച്ച് ഇരുത്താം. പിൻസീറ്റിൽ കുട്ടികൾക്ക് മാത്രമേ ഇരിക്കാൻ കഴിയുള്ളൂ. സാധനങ്ങൾ വയ്ക്കാനാണ് ഇവിടം പ്രധാനമായും ഉപയോഗിക്കുന്നത്. റേഡിയോ അടക്കം കാറിൽ കിട്ടും. രാത്രിയാത്രയ്ക്കുള്ള ലൈറ്റ് സംവിധാനങ്ങളൊക്കെയുണ്ട്. ഒരു ബുള്ളറ്റിന്റെ സ്ഥലം മതി പാർക്കിംഗിന്. വീട്ടിൽ മറ്റൊരു കാറുണ്ടെങ്കിലും ആന്റണി ജോണിന് പ്രിയം ഇലക്ട്രിക് കാറിലെ യാത്രയാണ്.