കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷണം ലഭിക്കാതെ വലയുന്ന നാട്ടാനകൾക്ക് ഭക്ഷണം നൽകാൻ ക്രമീകരണമായി. പനയോലയും പഴവും മറ്റ് ഭക്ഷണ സാധനങ്ങളുമൊക്കെ ആനകൾക്ക് നൽകാൻ പൊലീസ് മുന്നിട്ടിറങ്ങിയതോടെ നാട്ടുകാർക്കും ആവേശമായി. ഉത്സവങ്ങളും മറ്റ് ജോലികളുമൊക്കെ നിർത്തിയതിനാൽ ഒട്ടുമിക്ക ആനകളും പട്ടിണിയിലേക്ക് നീങ്ങുകയായിരുന്നു. ആനകളെ വാടകയ്ക്ക് എടുത്താണ് പലരും ഉത്സവങ്ങൾക്കടക്കം കൊണ്ടുപോയിരുന്നത്. വരുമാനം നിലച്ചതോടെ ആനകളെ ദിനവും തീറ്റിപ്പോറ്റുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയിലേക്ക് മാറി. പാപ്പാൻമാരും ഇക്കാര്യത്തിൽ വലഞ്ഞിരുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ തെരുവ് നായകൾക്കും കുരങ്ങുകൾക്കും ഭക്ഷണമെത്തിക്കണമെന്ന് പ്രഖ്യാപിച്ച ഉടൻതന്നെ സന്നദ്ധ സംഘടനകൾ ഇക്കാര്യത്തിൽ താത്പര്യത്തോടെ ഇറങ്ങിയിരുന്നു. ഭക്ഷണം വേണ്ടുവോളം കഴിച്ചതിന്റെ തൃപ്തിയിലാണ് ഇപ്പോൾ തെരുവ് നായ്ക്കളും കുരങ്ങുകളും. എന്നാൽ ആനകളുടെ കാര്യം ആരും ഓർത്തിരുന്നില്ല. മുഖ്യമന്ത്രി ഇക്കാര്യംകൂടി കഴിഞ്ഞ ദിവസം ഓർമ്മിപ്പിച്ചപ്പോൾ തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്.സുരേന്ദ്രനാണ് ആദ്യം മുൻകൈയെടുത്ത് ആനകൾക്ക് ഭക്ഷണം നൽകാൻ പൊലീസിനെ സജ്ജമാക്കിയത്. തൃശൂരിലെ ആനകൾക്ക് പനമ്പട്ടയും മറ്റ് ആഹാര സാധനങ്ങളും നൽകാൻ ഡി.ഐ.ജി നേരിട്ട് എത്തുകയും ചെയ്തു. വരും ദിവസങ്ങളിൽ പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് എല്ലാ മേഖലകളിലെയും ആനകൾക്ക് ഭക്ഷണമെത്തിയ്ക്കും.