photo
കൊട്ടാരക്കര നെടുവത്തൂർ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിൽ അരകല്ലിൽ ചമ്മന്തി അരച്ചെടുക്കുന്ന വീട്ടമ്മമാർ

കൊല്ലം: ചിരവയിൽ ചിരകിയെടുത്ത തേങ്ങ, മുളക്, ഉപ്പ്, ചുവന്നുള്ളി, ഇഞ്ചി എന്നിവ ഒന്നിച്ചിട്ട് അരകല്ലിൽ അരച്ചെടുത്ത ചമ്മന്തി! പൊതിച്ചോർ കെട്ടുമ്പോൾ ചമ്മന്തിയില്ലെങ്കിൽ പിന്നെന്ത് രുചി? കമ്മ്യൂണിറ്റി കിച്ചണുകളിൽ കുടുംബശ്രീ പ്രവർത്തകർ ചമ്മന്തിയടക്കം വിഭവങ്ങൾ ഓരോന്നായി തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്. ചോറും കറികളും ഒഴിച്ചുകൂട്ടാനുമടക്കം ചേർത്താണ് പൊതിഞ്ഞെടുക്കുന്നത്. ഇലവെട്ടാനും വിറക് എത്തിയ്ക്കാനുമടക്കം ചെറുപ്പക്കാരായ സന്നദ്ധ പ്രവർത്തകർ അടുക്കളയ്ക്ക് പുറത്തുണ്ട്. ഓരോ ദിനം കഴിയുംതോറും കമ്മ്യൂണിറ്റി കിച്ചൺ കൂടുതൽ മികവിലേക്ക് മാറുകയാണ്. ആൾക്കൂട്ടം ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം അംഗീകരിച്ച് ഓരോ ദിനവും ഓരോ ടീമിനെയാണ് പലയിടങ്ങളിലും നിയോഗിക്കുന്നത്.

പൊതിച്ചോറുമായി ഓരോ കേന്ദ്രങ്ങളിലേക്കും ഇരുചക്ര വാഹനങ്ങളിൽ പോകാൻ മറ്റൊരു സംഘവുമുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും മനസുവച്ചതോടെ കമ്മ്യൂണിറ്റി കിച്ചൺ ഹിറ്റായി മാറിക്കഴിഞ്ഞു. ഒരാൾ പോലും വിശന്നിരിക്കേണ്ടെന്ന ചിന്തയോടെയാണ് കമ്മ്യൂണിറ്റി കിച്ചൺ എന്ന ആശയം മുന്നോട്ടുവച്ചത്. കൊറോണ കഴിഞ്ഞാലും ഇത്തരം പ്രവർത്തനങ്ങൾ തുടരണമെന്നാണ് ഇപ്പോൾ നാട്ടുകാരും ആവശ്യപ്പെടുന്നത്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങൾ മുൻകൈയെടുത്താണ് ആദ്യം കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങിയത്. ഒന്നിലധികം കിച്ചണുകൾ ഓരോ പഞ്ചായത്തിലുമുണ്ട്. ഇപ്പോൾ സംഘടനകളും കിച്ചനൊരുക്കാൻ രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങൾ പാലിച്ചുവേണം ഇത്തരം കിച്ചണുകൾ പ്രവർത്തിപ്പിക്കേണ്ടതെന്ന സന്ദേശവുമായി ആരോഗ്യ പ്രവർത്തകരും പൊലീസും സജീവമായി ഇടപെടുന്നുമുണ്ട്.