photo
നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിൽ വീട്ടമ്മമാർ അരകല്ലിൽ അരയ്ക്കുന്നു

കൊട്ടാരക്കര: തേങ്ങ, മുളക്, ഉപ്പ്, ചുവന്നുള്ളി, ഇഞ്ചി എന്നിവ ഒന്നിച്ചിട്ട് അരകല്ലിൽ അരച്ചെടുത്ത ചമ്മന്തി!. പൊതിച്ചോർ കെട്ടുമ്പോൾ ചമ്മന്തിയില്ലെങ്കിൽ പിന്നെന്ത് രുചി?. കമ്മ്യൂണിറ്റി കിച്ചണുകളിൽ കുടുംബശ്രീ പ്രവർത്തകർ ചമ്മന്തിയടക്കം വിഭവങ്ങൾ ഓരോന്നായി തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്. ചോറും കറികളും ഒഴിച്ചുകൂട്ടാനുമടക്കം ചേർത്താണ് ഭക്ഷണം തയ്യാറാക്കുന്നത്. ഇലവെട്ടാനും വിറകെത്തിക്കാനുമടക്കം ചെറുപ്പക്കാരായ സന്നദ്ധ പ്രവർത്തകർ അടുക്കളയ്ക്ക് പുറത്തുണ്ട്. ഓരോ ദിനം കഴിയുംതോറും കമ്മ്യൂണിറ്റി കിച്ചൺ കൂടുതൽ ശ്രദ്ധേയമാകുകയാണ്. ആൾക്കൂട്ടം ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം അംഗീകരിച്ച് ഓരോ ദിനവും ഓരോ ടീമിനെയാണ് പലയിടത്തും നിയോഗിക്കുന്നത്.

പൊതിച്ചോറുമായി ഓരോ കേന്ദ്രങ്ങളിലേക്കും ഇരുചക്ര വാഹനങ്ങളിൽ പോകാൻ മറ്റൊരു സംഘവുമുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും മനസ് വച്ചതോടെ കമ്മ്യൂണിറ്റി കിച്ചൺ ഹിറ്റായി. ഒരാൾ പോലും വിശന്നിരിക്കേണ്ടെന്ന ചിന്തയോടെയാണ് കമ്മ്യൂണിറ്റി കിച്ചൺ എന്ന ആശയം മുന്നോട്ടുവച്ചത്. ഹോട്ടലുകളിൽ നിന്ന് മാത്രം ഭക്ഷണം കഴിച്ചിരുന്നവർക്ക് മിതമായ വിലകൊടുത്ത് പൊതിച്ചോറ് വാങ്ങാനും സംവിധാനമുണ്ട്. കൊറോണ കഴിഞ്ഞാലും ഇത്തരം പ്രവർത്തനങ്ങൾ തുടരണമെന്നാണ് ഇപ്പോൾ നാട്ടുകാരും ആവശ്യപ്പെടുന്നത്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്താണ് ആദ്യം കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങിയത്. ഓരോ പഞ്ചായത്തിലും ഒന്നിലധികം കിച്ചണുകളുണ്ട്. സുരക്ഷാ സംവിധാനങ്ങൾ പാലിച്ചുവേണം കിച്ചണുകൾ പ്രവർത്തിപ്പിക്കേണ്ടതെന്ന സന്ദേശവുമായി ആരോഗ്യ പ്രവർത്തകരും പൊലീസും സജീവമായി ഇടപെടുന്നുമുണ്ട്.