കൊല്ലം: കൊറോണ കാലത്തെ ലോക്ക് ഡൗൺ ദുരിതങ്ങൾ ദിവസം തോറും വർദ്ധിക്കുമ്പോൾ കൊല്ലത്തിന്റെ വിശപ്പടക്കി സാമൂഹിക അടുക്കളകൾ കൂടുതൽ സാധാരണക്കാരിലേക്ക്. തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ഫണ്ട് ഉപയോഗിച്ചാണ് അടുക്കളകൾ പ്രവർത്തിപ്പിക്കുന്നതെങ്കിലും ജനങ്ങളുടെ വലിയ തോതിലുള്ള സഹായം എല്ലായിടത്തും ലഭിച്ചുതുടങ്ങി.
അരിയും പലവ്യഞ്ജനങ്ങളും വാങ്ങി നൽകുന്നവർ മുതൽ കൃഷിയിടത്തിലെ ഉൽപ്പന്നങ്ങൾ എത്തിച്ചുകൊടുക്കുന്ന കർഷകർ വരെ സാമൂഹിക അടുക്കളയുടെ ജനകീയ ഇടപെടലിന് പിന്നിലുണ്ട്. തൊഴിലും വരുമാനവും മുടങ്ങി ബുദ്ധിമുട്ടിലായ കൂടുതൽ സാധാരണക്കാരിലേക്ക് ഭക്ഷണം എത്തിച്ച് നാടിന്റെയാകെ അടുക്കളയായി സാമൂഹിക അടുക്കളയെ മാറ്റുകയാണ് പഞ്ചായത്തുകൾ. ചില പഞ്ചായത്തുകൾക്ക് മൂന്നുനേരവും ഭക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിലും രാത്രി ഭക്ഷണം കൂടി ഉച്ചയ്ക്ക് വിതരണം ചെയ്യാൻ ഇവർ ശ്രമിക്കുന്നുണ്ട്.
ചോറ്, അവിയൽ, തോരൻ, സാമ്പാർ, പുളിശേരി, അച്ചാർ എന്നിവയാണ് ഉച്ചഭക്ഷണത്തിന് പൊതുവെ നൽകുന്നതെങ്കിലും മുട്ട പൊരിച്ചത് വരെ ഊണിനൊപ്പം നൽകിയ പഞ്ചായത്തുകളുമുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾക്ക് കൂടി ഭക്ഷണം നൽകി അവരെയും ചേർത്തുനിറുത്തുകയാണ് നമ്മുടെ അടുക്കളകൾ.
ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന എല്ലാ പ്രതിരോധ മാനദണ്ഡങ്ങളും അനുസരിച്ചാണ് അടുക്കളയും ഭക്ഷണ വിതരണവും സജ്ജമാക്കിയത്. ഓരോ പഞ്ചായത്ത് വാർഡിലും ഭക്ഷണ വിതരണത്തിനായി പ്രത്യേക സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപങ്ങൾക്കാണ് അടുക്കളയുടെ നടത്തിപ്പ് ചുമതല. ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകൾ, പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ, കൊല്ലം നഗരസഭ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അടുക്കളകൾക്ക് എല്ലാ വകുപ്പുകളുടെയും സഹകരണമുണ്ട്.
കൈയിൽ പണമില്ലാത്തവർക്ക് സൗജന്യമായി അടുക്കളയിൽ നിന്ന് ഭക്ഷണം കിട്ടും. ഇത്തരക്കാരെ കണ്ടെത്തി വീടുകളിൽ ഭക്ഷണം എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. മറ്റുള്ളവർക്ക് 20 രൂപ നിരക്കിൽ അടുക്കളയിൽ നിന്ന് ഉച്ചയൂണ് വാങ്ങാം. ഫോണിൽ ബന്ധപ്പെട്ടാൽ വീടുകളിൽ പൊതി എത്തിച്ച് നൽകും. അഞ്ച് രൂപ വിതരണ നിരക്ക് ഉൾപ്പെടെ 25 രൂപ ഇതിന് ഈടാക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ തിങ്കളാഴ്ച കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
അടുക്കളകളിലേക്ക് വാഴയില കിട്ടാനില്ല
ദിവസവും നൂറ് കണക്കിന് പൊതികൾ തയ്യാറാക്കേണ്ടിവരുന്ന സാമൂഹിക അടുക്കളകളിൽ വേണ്ടത്ര വാഴയില കിട്ടാനില്ല. അതിനാൽ പ്രത്യേക കണ്ടയ്‌നറിലാണ് പല അടുക്കളകളിലും ഭക്ഷണം പൊതിയുന്നത്. വാഴയിലകൾ നൽകാൻ കഴിയുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.