കൊല്ലം: 'ആമിനത്താത്തേടെ പൊന്നുമോളാണ്, നാട്ടിലെ ചേലുള്ള പെണ്ണാണ്...' ട്രംപിന്റെ പാട്ട് കൊവിഡ് കാലത്തെ മെഗാഹിറ്റ്! അഹമ്മദാബാദിൽ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകൾ ചേർത്താണ് ചങ്ങനാശേരി പള്ളിപ്പറമ്പ് അജ്മൽ സാബു ഈ സൂപ്പർ ട്രോൾ വീഡിയോ ഒരുക്കിയെടുത്തത്. ഹണീബി 2.5 എന്ന പുതിയ ചിത്രത്തിന് വേണ്ടി കഥയൊരുക്കിയ ലാൽ ആലപിച്ച ഗാനമാണ് അസാധാരണ എഡിറ്റിംഗിലൂടെ ട്രംപ് പാടുന്ന രീതിയിലേക്ക് അജ്മൽ എത്തിച്ചത്.
ചുണ്ടനക്കത്തിൽ കൃത്യത വരുത്തി തയ്യാറാക്കിയ വീഡിയോ കാണുന്നവർക്ക് ട്രംപ് പാടുകയാണെന്നേ തോന്നുകയുള്ളു. ചിരിച്ചും തനത് ശൈലിയിൽ ചുണ്ട് ചലിപ്പിച്ചും ട്രംപ് പാടുമ്പോൾ മനോഹരമായ പാട്ട് ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപിന്റെ ഭാര്യ മെലാനിയും ചിരിച്ചും കൈയടിച്ചും കൂട്ടത്തിൽ ചേരുകയാണ്. ലക്ഷക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലാണ് പാട്ട്. ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ ഇരിക്കുന്നവർ വാട്സ് ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഫേസ് ബുക്കിലുമടക്കം വരുന്ന ട്രോളുകളും മറ്റും ആസ്വദിക്കുന്ന കൂട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ട്രംപിന്റെ പാട്ട് തന്നെയാണ്.
മനോഹര ഗാനമാണെങ്കിലും ട്രംപിനെക്കൊണ്ട് പാടിച്ചതിനാൽ മലയാളികൾ ചിരിച്ചുകൊണ്ടാണ് ഷെയർ ചെയ്യുന്നത്. സാബു ലത്തീഫ്-സബീന ദമ്പതികളുടെ മകനായ അജ്മൽ സാബു മുൻപ് റസ്ലിംഗ് താരം ബിഗ്ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കി അവതരിപ്പിച്ചും തരംഗം സൃഷ്ടിച്ചിരുന്നു. പൂനെ മാക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് എഡിറ്റിംഗ് പഠിച്ചത്. അനിമേഷൻ പഠിച്ചതിനാലാണ് കൃത്യതയോടെ ട്രംപിനെക്കൊണ്ട് പാടിക്കാൻ കഴിഞ്ഞതെന്നാണ് അജ്മൽ പറഞ്ഞത്. മലയാള സിനിമയിലെ സ്പോട്ട് എഡിറ്റർ, സഹസംവിധായകൻ, കാമറാമാൻ തുടങ്ങി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അജ്മൽ സാബുവിന്റെ വകയായി ഇനിയും വെടിക്കെട്ട് ട്രോൾ വീഡിയോയെത്തുമെന്ന പ്രതീക്ഷയിലാണ് കൊവിഡ് കാലത്തെ മലയാളികൾ.