കൊല്ലം: വിസ്മയകരമായ പ്രകടനങ്ങളിലൂടെ ഇന്ദ്രജാല വേദികൾ കീഴടക്കുന്ന യുവ മാന്ത്രികൻ അശ്വിൻ പരവൂർ ലോക്ക് ഡൗൺ കാലത്ത് തന്റെ ചെമ്മീൻ പാടത്ത് പുതിയ മാജിക്ക് കാട്ടുകയാണ്. കൂടുതൽ സമയമെടുത്ത് പരിചരിച്ചും തീറ്റ നൽകിയും ചെമ്മീനുകളെ വേഗത്തിൽ വളർച്ചയെത്തിക്കാനുള്ള ശ്രമത്തിലാണ് അശ്വിൻ.
നെടുങ്ങോലത്ത് ഇത്തിക്കര ആറിന്റെ കൈവഴികളോട് ചേർന്ന് നാലര ഏക്കറിൽ പരന്നുകിടക്കുന്നതാണ് അശ്വിന്റെ മത്സ്യപ്പാടം. ഇതിൽ രണ്ടര ഏക്കറിലാണ് ചെമ്മീൻ കൃഷി. കാര്യവട്ടം കാമ്പസിൽ എം.എഡ് വിദ്യാത്ഥിയാണ് അശ്വിൻ. എല്ലാ ദിവസവും കോളേജിൽ പോകുന്നതിനാൽ തൊഴിലാളികളെ നിറുത്തിയാണ് കൃഷി. ലോക്ക് ഡൗൺ ആയതോടെ അശ്വിൻ പൂർണസമയം മത്സ്യപ്പാടത്താണ്. രണ്ടുമാസം മുമ്പ് മുക്കാൽ ലക്ഷം ചെമ്മീൻ വിത്തുകളിറക്കിയതാണ്. സാധാരണ ചെമ്മീൻ വളർച്ചയെത്താൻ 120 ദിവസമെടുക്കും. നന്നായി പരിചരിച്ചാലേ ചെമ്മീന് നല്ല തൂക്കം വയ്ക്കൂ. ചിലപ്പോൾ ചത്തൊടുങ്ങുകയും ചെയ്യും.
ആറ് വർഷമായി കൃഷി ചെയ്യുന്ന അശ്വിന് ഇങ്ങനെ പലതവണ നഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് കുറഞ്ഞത് 110 ദിവസത്തിനുള്ളിലെങ്കിലും ചെമ്മീനുകളെ നല്ല തൂക്കലെത്തിലെക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ വിളവെടുക്കുന്ന മാജിക് വിജയിച്ചാൽ ലാഭത്തിൽ അരലക്ഷം രൂപയുടെയെങ്കിലും വർദ്ധനവ് ഉണ്ടാകും. വിളവെടുപ്പ് നടക്കുന്നതിന്റെ തൊട്ടടുത്ത ദിവസം പുതിയ വിത്തിറക്കാനുള്ള തയ്യാറാടെപ്പുകളും തുടങ്ങി.
കാൽ ലക്ഷം കരിമീനുകളും
നാലര ഏക്കറിൽ ചെമ്മീൻ കൃഷി കഴിഞ്ഞുള്ള രണ്ട് ഏക്കറിൽ രണ്ടാഴ്ച മുൻപ് കാൽ ലക്ഷം കരിമീൻ വിത്തുമിറക്കിയിട്ടുണ്ട്. ചെമ്മീൻ കൃഷി പോലെ തന്നെയാണ് കരിമീനും. ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. വളർച്ചയെത്താൻ കുറഞ്ഞത് എട്ട് മാസമെങ്കിലുമെടുക്കും. സ്വന്തം ഹാച്ചറിയിലാണ് കരിമീൻ വിത്ത് ഉല്പാദിപ്പിക്കുന്നത്. ഈ ഹാച്ചറി പൂർണമായും ഒഴിച്ചെടുത്ത് അടുത്ത ട്രോളിംഗ് നിരോധന കാലത്ത് വിപണിയിലിറക്കാൻ ചെമ്മീൻ കുഞ്ഞുങ്ങളെ വളർത്താനുള്ള ഒരുക്കവും ലോക്ക് ഡൗൺ കാലത്ത് തുടങ്ങുകയാണ്.