കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് പൊതുജനങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാനാകുംവിധം കൊല്ലത്ത് സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങി. കൊല്ലം വടക്കേവിള പോസ്റ്റ് ഓഫീസ് മുതൽ ഓടനാവട്ടംവരെയുള്ള 24 പോസ്റ്റ് ഓഫീസുകളിൽ വാഹനം സഞ്ചരിക്കും. ദിവസവും ഒരു മണിക്കൂർനേരം പോസ്റ്റ് ഓഫീസിന്റെ സേവനം വാഹനത്തിൽ ലഭ്യമാക്കും. സേവിംഗ്സ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കലും പിൻവലിക്കലും സ്പീഡ് പോസ്റ്റ് തുടങ്ങി മിക്ക സേവനങ്ങളും ലഭിക്കുംവിധമാണ് ക്രമീകരണം. പ്രത്യേകം സജ്ജമാക്കിയ മെയിൽ വാഹനമാണ് ഇതിനായി ഉപയോഗിക്കുന്നത്. കൊല്ലം, കരുനാഗപ്പള്ളി, കുണ്ടറ, പാരിപ്പള്ളി എന്നീ പ്രധാന ഓഫീസുകൾ നിലവിൽ പ്രവർത്തനമുണ്ട്. മറ്റ് പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം നിലച്ചതോടെയാണ് സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് നിരത്തിലേക്കിറങ്ങിയത്.