കൊല്ലം: ഇറ്റലിയിൽ നിന്നു വന്ന വിദ്യാർത്ഥിക്ക് സ്വന്തം വീട്ടിൽ നിരീക്ഷണത്തിന്റെ തണലൊരുക്കിയ സുഹൃത്തിന് കൊറോണഭീതി അകന്നിട്ടും ബന്ധുക്കളുടെ എതിർപ്പും ഒറ്റപ്പെടുത്തലും. വീട് കത്തിക്കുമെന്നും കല്ലെറിയുമെന്നുമൊക്കെയാണ് ഭീഷണി. കുരീപ്പുഴ കല്ലുവിളവീട്ടിൽ കിഷോർ ആണ് ഈ ദുരനുഭവം നേരിടുന്നത്.
കടവൂർ വിളയിൽ പടിഞ്ഞാറ്റതിൽ വിനോദ് വില്യമിന്റെയും മിനിമോൾ സെലിൻ നെറ്റോയുടെയും മകൻ എറിക്കിനാണ് (20) കുടുംബ സുഹൃത്തായ കിഷോർ നിരീക്ഷണത്തിൽ കഴിയാൻ സ്വന്തം വീട്ടിൽ ഇടം നൽകിയത്. പ്രായമായ അച്ഛൻ രാമചന്ദ്രൻ പിള്ളയും അമ്മ ലളിതാമ്മയും സഹോദരിയുടെ മകൻ ആകാശുമാണ് അവിവാഹിതനായ കിഷോറിനൊപ്പം താമസം.
എറിക് എത്തിയത്
മറ്റൊരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് റോമിൽ നഴ്സിംഗ് വിദ്യാർത്ഥിയായ എറിക് മാർച്ച് 10ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. പിതാവ് വിനോദ് വില്യമും കിഷോറും കാറുമായി നെടുമ്പാശേരിയിലെത്തിയിരുന്നു. വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊറോണയുടെ ലക്ഷണങ്ങൾ കണ്ടില്ല. എന്നിട്ടും വിവാഹത്തിൽ പങ്കെടുക്കാനായില്ല. ഇറ്റലിയിൽ നിന്ന് വന്നതിനാൽ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. കടവൂരിലെ കുടുംബവീടിന് തൊട്ടടുത്ത് നിരവധി വീടുകളും ക്ഷേത്രവുമുണ്ട്. നാട്ടുകാരുടെ എതിർപ്പുണ്ടായേക്കും. വീട്ടിൽ വിനോദിന്റെ വൃദ്ധരായ മാതാപിതാക്കളുണ്ട്. ഇവർ വീടിനോട് ചേർന്നു നടത്തുന്ന കടയിൽ നാട്ടുകാർ സാധനം വാങ്ങാനെത്തുമോയെന്ന ആശങ്കയും ഉയർന്നു. കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ കിഷോറാണ് എറിക്കിനെ തന്റെ വീട്ടിൽ പാർപ്പിക്കാമെന്നറിയിച്ചത്. വീട് ഒറ്റപ്പെട്ട സ്ഥലത്തായതിനാൽ എതിർപ്പുണ്ടാകില്ലെന്നാണ് കരുതിയത്. വീട്ടിലെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ആദ്യം 14 ദിവസവും തുടർന്ന് 7 ദിവസവും നിരീക്ഷണത്തിൽ കഴിഞ്ഞിട്ടും കൊറോണയുടെ ലക്ഷണങ്ങളൊന്നും കണ്ടില്ല. എന്നിട്ടും ഭീഷണി ഉയർത്തി ഒറ്റപ്പെടുത്തിയവരുടെ മനസ് മാറിയിട്ടില്ല.
എറിക്കിന്റെ രണ്ട് ബന്ധുക്കൾ ഫോണിൽ വിളിച്ചിരുന്നു. നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ച കാലാവധി ഇന്നലെ അവസാനിച്ചിട്ടും കിഷോറിനെയും എറിക്കിനെയും സംശയത്തോടെയാണ് പലരും കാണുന്നത്. എറിക്കിന്റെ മാതാവും സഹോദരി എമിലിയയും റോമിൽ സുരക്ഷിതരാണെന്ന് അവർ അറിയിച്ചിട്ടുണ്ട്.
''കൊല്ലം കോർപറേഷൻ കൗൺസിലർ അജിത്ത് കുമാറും ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ കുമാറും ഇടയ്ക്കിടെ വന്ന് അന്വേഷിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു.
-കിഷോർ