കൊല്ലം: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പൊലീസ് നടപടികൾ ശക്തമാക്കുമ്പോഴും തലവേദനയായി അനാവശ്യമായി പുറത്തിറങ്ങുന്നവർ. ഇന്നലെയും ജില്ലയുടെ പലഭാഗങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമലംഘകർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കുകളിലും ട്രഷറിയിലും ഉണ്ടാകുന്ന തിരക്കാണ് മറ്റൊരു തലവേദന. പെൻഷൻ വാങ്ങാനും ബാങ്കിടപാടുകൾക്കുമായി നിരവധിപേരാണ് വിവിധ സ്ഥലങ്ങളിൽ എത്തുന്നത്.
ലോക്ക് ഡൗൺ പശ്ചാത്തതലത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടിയതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാജവാറ്റ് സംഘങ്ങൾ വർദ്ധിച്ചതും എക്സൈസിനും പൊലീസിനും തലവേദനയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്തരം നിരവധി കേസുകളാണ് പിടികൂടിയത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനലൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചു. ഇനിമുതൽ ഉൾപ്രദേശങ്ങളിൽ ജനങ്ങൾ കറങ്ങി നടന്നാൽ പൊലീസ് തിരക്കി വീട്ടിലെത്തും. പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഉൾഗ്രാമങ്ങളിൽ ഇനി വ്യാപാരശാലകൾ തുറന്ന് പ്രവർത്തിക്കുന്നതോ അനാവശ്യമായി ആളുകൾ കറങ്ങി നടക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും. മെഡിക്കൽ സ്റ്റോർ, പാൽ, ആശുപത്രി, പത്രം, ബാങ്ക്, അവശ്യസാധനങ്ങൾ വാങ്ങുന്ന പലചരക്ക് കടകൾ തുടങ്ങിയവ നിബന്ധനകൾക്ക് വിധേയമായി തുറന്ന് പ്രവർത്തിപ്പിക്കാം. എന്നാൽ അനുമതി നൽകാത്ത സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പുനലൂർ സി.ഐ ബിനു വർഗീസ് ടൗണിൽ ഡ്രോൺ പറത്തി നിരീക്ഷണത്തിന് തുടക്കംകുറിച്ചു.