തഴവ: കരുനാഗപ്പള്ളി എക്സൈസ് സംഘം പാവുമ്പയിൽ നടത്തിയ പരിശോധനയിൽ വ്യാജ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി. പാവുമ്പ സുദർശനാലയം ചന്തയ്ക്ക് സമീപം ഇലമ്പടത്ത് വിളയിൽ വീട്ടിൽ പ്രദീപിന്റെ വീട്ടുവളപ്പിൽ നിന്നാണ് 225 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തത്. പ്രദേശത്ത് ചാരായ നിർമ്മാണം വ്യാപകമാകുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ അൻവർ, ഷാഡോ എക്സൈസ് അംഗങ്ങളായ ശ്യാംകുമാർ, സജീവ് കുമാർ, മുഹമ്മദ് കുഞ്ഞ്, മോളി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.