കൊല്ലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്സിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത 1426 വോളന്റിയർമാരുടെ പേരും വിലാസങ്ങളും അടങ്ങിയ വിവരങ്ങൾ കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം ജില്ലാ കളക്ടർക്ക് കൈമാറി. ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് കൂട്ടിരിക്കുക, ഐസൊലേഷൻ വാർഡും, ആശുപത്രി പരിസരങ്ങളും ശുചീകരിക്കുക, നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുക ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ വോളന്റിയർമാർ പങ്കാളികളാകും.
കൊല്ലം നഗരസഭ, ജില്ലയിലെ പഞ്ചായത്ത് / മുനിസിപ്പാലിറ്റി ഓഫീസുകൾ വഴി ഇവരുടെ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ചിന്താ ജെറോം പറഞ്ഞു. യുവജനകമ്മിഷൻ അംഗം വി. വിനിൽ, ജില്ലാ കോ ഓർഡിനേറ്റർ ശ്രീനാഥ് എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിക്കും ലിസ്റ്റ് കൈമാറി.