f
നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്: ഇന്നലെ 478 പേർ അറസ്റ്റിൽ

 474 കേസുകളിൽ 379 വാഹനങ്ങൾ പിടിച്ചെടുത്തു

 ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന കർശനമാക്കി

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രങ്ങൾ അവഗണിച്ച് പുറത്തിറങ്ങിയ 478 പേരെ ഇന്നലെ ജില്ലയിൽ പൊലീസ് അറസ്റ്റ്‌ ചെയ്തു. 474 കേസുകളിലായി 379 വാഹനങ്ങൾ പിടിച്ചെടുച്ചു. ലോക്ക് ഡൗൺ അവസാനിച്ച ശേഷമേ വാഹനങ്ങൾ വിട്ടുകൊടുക്കൂ. സിറ്റി പൊലീസ് പരിധിയിലും റൂറൽ പൊലീസ് ജില്ലയിലും നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന വ്യാപകമാക്കി. നിയന്ത്രങ്ങൾ അവഗണിച്ചതിന് സിറ്റി പൊലീസ് 281 കേസുകൾ രജിസ്റ്റർ ചെയ്ത് 283 പേരെ അറസ്റ്റ് ചെയ്യുകയും 234 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. റൂറൽ പൊലീസ് 193 കേസുകളിലായി 195 പേരെ അറസ്റ്റ്‌ ചെയ്ത് 145 വാഹനങ്ങൾ പിടിച്ചെടുത്തു. ലോക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24ന് ശേഷം നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഏറ്റവും കൂടുതൽ കേസുകൾ സിറ്റി പൊലീസ് പരിധിയിൽ ഇന്നലെയാണ് രജിസ്റ്റർ ചെയ്തത്. കൊല്ലം സബ് ഡിവിഷനിൽ 114 കേസുകളും ചാത്തന്നൂർ സബ് ഡിവിഷനിൽ 83 കേസുകളും കരുനാഗപ്പള്ളി സബ് ഡിവിഷനിൽ 84 കേസുകളും രജിസ്റ്റർ ചെയ്തു. നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പിക്കറ്റ് ഡ്യൂട്ടിയിലും പോയിന്റ് ഡ്യൂട്ടികളിലുമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ടെന്റുകൾ നിർമ്മിച്ചു. ഇതിന് പുറമെ കുടകളും മറ്റ് പ്രതിരോധ സംവിധാനങ്ങളും വിതരണം ചെയ്തു. ബാങ്കുകളിൽ പെൻഷൻ വിതരണം തുടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തിരക്ക് ഒഴിവാക്കുന്നതിനായി ടോക്കൺ സമ്പ്രദായവും ക്യൂ സിസ്റ്റവും നടപ്പിലാക്കി. നിയന്ത്രണത്തിന് പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. അവശ്യസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിനായി വ്യാപാര സ്ഥാപനങ്ങളിൽ ആരംഭിച്ച പരിശോധന തുടരുകയാണ്.

അന്യസംസ്ഥാന തൊഴിലാളികളുടെ

താമസ കേന്ദ്രങ്ങളിൽ നിരീക്ഷണം

അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലും മറ്റിടങ്ങളിലും മേൽനോട്ടത്തിനായി ഹോം ഗാർഡുകളെ നിയമിച്ചു. നിർദേശങ്ങളടങ്ങിയ വിവിധ ഭാഷകളിലുള്ള ലഘുലേഖകൾ ഇവർക്ക് നൽകി ബോധവത്കരണം നടത്തുന്നുണ്ട്. വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നിന്ന് ഭക്ഷ്യ സാധനങ്ങളും വിതരണം ചെയ്തു.

''

അവശ്യ സേവനങ്ങൾക്കായി ഇനി പുറത്തിറങ്ങുന്നവർ കർശനമായും സത്യവാങ്മൂലമോ തിരിച്ചറിയൽ രേഖയോ ഓൺലൈൻ പാസോ കൈവശം കരുതേണ്ടതാണ്‌. അല്ലാത്ത പക്ഷം അവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.

ടി. നാരായണൻ

സിറ്റി പൊലീസ് കമ്മിഷണർ