കൊല്ലം: കഴിഞ്ഞ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയായ പ്രവാസിയുടെ ഭാര്യാ സഹോദരിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ജില്ലയിലെ കൊറോണ ബാധിതരുടെ എണ്ണം മൂന്നായി. എന്നാൽ രണ്ടാമത് രോഗം സ്ഥിരീകരിച്ച ഉമയനല്ലൂർ സ്വദേശിയായ പ്രവാസി ജില്ലയിൽ പ്രവേശിച്ചിട്ടില്ലെന്ന ആശ്വാസമുണ്ട്.
പ്രാക്കുളം സ്വദേശിക്കൊപ്പം വീട്ടിൽ വേറെ അഞ്ചുപേർ കൂടി വീട്ടിൽ ഉണ്ടായിരുന്നു. അന്തരീക്ഷത്തിൽ കൂടി കൊറോണ വൈറസ് വ്യാപിക്കുന്നതിനാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലേക്ക് രോഗം പടരാൻ 90 ശതമാനത്തോളം സാദ്ധ്യത വിദഗ്ദ്ധ ഡോക്ടർമാർ പ്രവചിച്ചിരുന്നു. ഈ വീട്ടിലുള്ള നാലുപേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. ഇവരെല്ലാം തന്നെ ആശുപത്രിയിൽ നിരീക്ഷണത്തിലായതിനാൽ ആരോഗ്യ നില വഷളാകാൻ സാദ്ധ്യതയില്ല. മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാദ്ധ്യതയും പരിമിതപ്പെട്ടിരിക്കുകയാണ്.
രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരം
നേരത്തെ രോഗം സ്ഥിരീകരിച്ച പ്രവാസിയുടെയും ഇന്നലെ സ്ഥിരീകരിച്ച യുവതിയുടെയും ആരോഗ്യനില തൃപ്തികരമാണ്. പ്രവാസിക്ക് ആദ്യ ദിനങ്ങളിൽ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നില മെച്ചപ്പെട്ടു.