തൃശൂർ: 19 പേരുടെ മരണത്തിനിടയാക്കിയ അവിനാശി ബസ് അപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഒല്ലൂർ സ്വദേശിനി ബിൻസിയെ ഇന്ന് തൃശൂരിലെത്തിച്ച് സർക്കാർ ചെലവിൽ ചികിത്സ തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
കോയമ്പത്തൂരിലെ ചികിത്സയും സർക്കാർ സഹായത്തോടെയായിരുന്നു.
അപകടം നടന്നതിന്റെ പിറ്റേന്ന് ബിൻസിയെ നിർബന്ധപൂർവം വിട്ടയയ്ക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചിരുന്നു. തുടർന്ന് പാലക്കാട് കളക്ടർ ഇടപെട്ട് ചികിത്സ അവിടെ തുടരാൻ നിർദ്ദേശിച്ചു. അപകടത്തിൽ ബിൻസിയുടെ ഭർത്താവ് ഇഗ്നി മരിച്ചിരുന്നു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഇൻഷ്വറൻസ് സഹായത്തിന്റെ ആദ്യ ഘട്ടം ഇഗ്നി അടക്കം തൃശൂർ സ്വദേശികളായ ഏഴ് പേരുടെ വീടുകളിലെത്തി ഉദ്യോഗസ്ഥർ കൈമാറി. ഒാരോ കുടുംബത്തിനും രണ്ടു ലക്ഷം രൂപയുടെ ചെക്കാണ് നൽകിയത്. മുഴുവൻ രേഖകളും പരിശോധിച്ച ശേഷം ബാക്കി തുക കൈമാറുമെന്ന് കെ.എസ്.ആർ.ടി.സി ഡിവിഷണൽ മാനേജർ അറിയിച്ചു.
മരിച്ച വ്യക്തിയുടെ ഭാര്യ, ഭർത്താവ്, അച്ഛൻ, അമ്മ എന്നിവരിലൊരാൾക്കാണ് തുക നൽകുക. കെ.എസ്.ആർ.ടി.സി, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നുള്ള പദ്ധതിക്കായി 14 രൂപയ്ക്ക് മേലുള്ള ഓരോ ടിക്കറ്റിൽ നിന്നും ഒരു രൂപ സെസ് ഈടാക്കുന്നുണ്ട്.