തൃശൂർ: നെൽക്കൃഷിയുളള പാടങ്ങളിലും ജലാശയങ്ങളിലും പാതയോരങ്ങളിലും രാത്രികാലങ്ങളിൽ വ്യാപകമായി തള്ളുന്ന ടൺ കണക്കിന് കക്കൂസ് മാലിന്യം വേനലിൽ കുടിവെള്ളത്തിനും കൃഷിക്കും ഭീഷണിയാകുന്നു. ദുർഗന്ധം ഒഴിവാക്കാൻ മാലിന്യത്തിൽ ചേർക്കുന്ന രാസവസ്തുവായ ഫിനോളുയർത്തുന്ന ആരോഗ്യപ്രശ്നങ്ങളും വേറെ.
മാലിന്യം തള്ളുന്നവരെ പിടികൂടാനാകാതെ പൊലീസും ഉദ്യോഗസ്ഥരും ഇരുട്ടിൽ തപ്പുമ്പോൾ പലയിടങ്ങളിലും കൃഷി കരിഞ്ഞുണങ്ങുന്നത് കക്കൂസ് മാലിന്യം കൊണ്ടാണെന്ന് വിദഗ്ദ്ധരും സാക്ഷ്യപ്പെടുത്തുന്നു. തദ്ദേശ സ്വയംഭരണ വകുപ്പുകൾക്കും പൊലീസിനുമെല്ലാം പരാതി നൽകി മലിനീകരണ നിയന്ത്രണ ബോർഡിലെത്തുമ്പോഴേയ്ക്കും മാലിന്യം ഉണങ്ങി പരിശോധന നടത്താനാകാത്ത സ്ഥിതിയിലാകും. തൃശൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിൽ വെള്ളം മാത്രമാണ് പരിശോധിക്കുക. മണ്ണ് പരിശോധന എറണാകുളത്തെ സെൻട്രൽ ലാബിലാണ്. പുഴയ്ക്കൽ പാടത്ത് പോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയത് കക്കൂസ് മാലിന്യം ഭക്ഷിച്ചതു കൊണ്ടാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എന്നാൽ അന്വേഷണവും നടപടിയും പരിശോധനയുമുണ്ടായില്ല. ആരോഗ്യത്തിനും കൃഷിക്കും ദോഷകരമാകുന്ന സെപ്ടിക് ടാങ്ക് മാലിന്യം എന്ത് ചെയ്യണമെന്ന് അറിയാതെ കൈമലർത്തുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.
ഫിനോൾ അപകടകരം
# കുടിവെള്ളത്തിലും വായുവിലും കലർന്നാൽ ജീവഹാനിയടക്കം സൃഷ്ടിച്ചേക്കാവുന്ന പെട്രോളിയം ഉത്പന്നം.
# രൂക്ഷമായ ഗന്ധമുണ്ടാകും, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കും
# മത്സ്യങ്ങളും മറ്റും ചത്തുപൊങ്ങാനും കൃഷിയും മറ്റ് ഫലപ്രദമായ സൂക്ഷ്മജീവികളും നശിക്കാനും ഇടയാകും.
# കക്കൂസ് മാലിന്യത്തിലെ കോളിഫോം ബാക്ടീരിയ ഗുരുതര രോഗങ്ങൾക്ക് വഴിയൊരുക്കും
മാലിന്യം തള്ളിയ സ്ഥലങ്ങൾ:
പെരിങ്ങാവ്, കോവിലകത്തുംപാടം, ഒല്ലൂർ, അഞ്ചേരി, ചേറൂർ, കുട്ടനെല്ലൂർ, മരത്താക്കര
നശിക്കുന്നത് കൃഷിയിടങ്ങൾ
അമ്പതേക്കറിൽ കൃഷിയുള്ള കുട്ടനെല്ലൂർ ചിലങ്കപ്പാടത്ത് കഴിഞ്ഞ ജനുവരിയിൽ കക്കൂസ് മാലിന്യം തള്ളിയത് വൻപ്രതിഷേധങ്ങൾക്ക് ഇടയാക്കി. മാസങ്ങൾക്ക് മുമ്പ് തൃശൂർ വടക്കെ സ്റ്റാൻഡിന് സമീപത്ത് നിന്നും, കോവിലകത്തുംപാടത്ത് നിന്നും മാലിന്യം തള്ളാനെത്തിയ സംഘത്തെ വാഹനമുൾപ്പെടെ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും നേരം വെളുക്കും മുമ്പ് പ്രതികളും വാഹനവും വിട്ടയച്ചു. മതിയായ ലൈസൻസും സൗകര്യങ്ങളുമില്ലാതെ വ്യാപകമായി പരസ്യം ചെയ്ത് ജില്ലയിൽ കക്കൂസ് മാലിന്യം ശേഖരിക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നില്ല.
'' ഫിനോൾ കലർന്ന സെപ്ടിക് ടാങ്ക് മാലിന്യം പാടത്ത് തള്ളുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മുമ്പ് കർശന നടപടി സ്വീകരിച്ചിരുന്നു. നിലവിൽ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടേണ്ടത്. ''
- ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ