പൂമംഗലം: അടുത്തവർഷം പത്ത് ലക്ഷം വീടുകളിലേക്ക് കൂടി കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി. പൂമംഗലം പഞ്ചായത്തിൽ പണിപൂർത്തീകരിച്ച സമഗ്രശുദ്ധജല വിതരണശൃംഖലയുടെയും ഉന്നത ജല സംഭരണിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 86 ലക്ഷം വീടുകളുള്ള കേരളത്തിൽ 22 ലക്ഷം വീടുകളിലേക്ക് മാത്രമാണ് നിലവിൽ കുടിവെള്ളമെത്തുന്നത്. സർക്കാർ നിലവിൽ വന്ന ശേഷം 6 ലക്ഷം വീടുകളിലേക്ക് കൂടി വെള്ളമെത്തിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കേന്ദ്ര ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളടക്കമുള്ളവർ ഇക്കാര്യത്തിൽ സഹകരിക്കണം. പ്രളയനിയന്ത്രണവുമായി ബന്ധപ്പെട്ട് അഞ്ചു ഡാമുകളുടെ നിർമ്മാണം സർക്കാർ പരിഗണിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.യു അരുണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജല അതോറിറ്റി ചീഫ് എൻജിനീയർ ടി.എസ് സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് വത്സല ബാബു, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ്, വൈസ് പ്രസി. ഇ.ആർ വിനോദ് എന്നിവർ പങ്കെടുത്തു.