first-team
ഒന്നാം സ്ഥാനം ലഭിച്ച കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികകൾ

ഹാക്കത്തോണിൽ അഗ്രോറ്റിസ് ആപിന് ഒന്നാം സ്ഥാനം

തൃശൂർ എൻജിനിയറിംഗ് കോളേജിന്റെ ആപിന് രണ്ടാം സ്ഥാനം

മാള: കാലവും കാലാവസ്ഥയും മണ്ണും അറിഞ്ഞ് കൃഷി ചെയ്യുന്നതിനുള്ള ആപ് വികസിപ്പിച്ചെടുത്ത വിദ്യാർത്ഥികൾ ഹാക്കത്തോണിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് ഒന്നാമതെത്തിയത്. മാള ഹോളി ഗ്രേസ് അക്കാഡമി എൻജിനീയറിംഗ് കോളേജിലെ ഹാക്കത്തോൺ ആണ് നൂതന സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നതിന് വേദിയായത്. ചരിത്രവും വർത്തമാനകാലവും അടിസ്ഥാനമാക്കിയുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിച്ചാണ് ആപ് തിരിച്ചറിയൽ നടത്തുന്നത്. വിളകൾക്ക് ഉണ്ടാകുന്ന കേടുകളും അതിന്റെ പരിഹാരവും കാലാവസ്ഥയിൽ പ്രകടമാകാവുന്ന മാറ്റങ്ങളും കൃഷിയിനങ്ങൾ തെരഞ്ഞെടുക്കാനുള്ള അറിവും ആപ്പ് കർഷകർക്ക് നൽകും. അഗ്രോറ്റിസ് എന്ന പേരിലാണ് ഇവർ ആപ്പ് രൂപകൽപ്പന ചെയ്തത്.


"മലയാളി" കർഷക മിത്രയ്ക്ക് രണ്ടാം സ്ഥാനം

മലയാളത്തിൽ സാധാരണ കർഷകരെ സഹായിക്കുന്ന തരത്തിൽ ആപ് വികസിപ്പിച്ച തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് രണ്ടാം സ്ഥാനത്തെത്തിയത്. ടീം തെരഞ്ഞെടുപ്പിൽ പട്ടികയിൽ ഇടം നേടാതിരുന്ന ഇവർ മറ്റൊരു കോളേജ് എത്താതിരുന്നതോടെയാണ് ഹാക്കത്തോണിനെത്തിയത്. കർഷകർക്ക് ആവശ്യമായ പദ്ധതികൾ അറിയുന്നതിനും പരിശീലനം നേടുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും കർഷകമിത്ര ആപ്പിലൂടെ കഴിയും. അപേക്ഷ നൽകുന്നതിന് പുറമെ അതിന്റെ തുടർ നടപടികൾ പിന്തുടരാനും ആപ് സഹായിക്കും. അപേക്ഷകളിൽ കർഷകന്റെ പൊതുവിവരങ്ങൾ സ്ഥിരമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനാൽ ശേഷിക്കുന്ന മാറ്റങ്ങളേ വരുത്തേണ്ടതുള്ളൂ. കൂടാതെ വിപണി വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങളും അറിയാം.

ഫാം ബെറിക്ക് മൂന്നാം സ്ഥാനം

കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും കർഷകരെയും സഹായിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനുമായുള്ള ആപ് ഫാം ബെറി എന്ന ആപ് രൂപകൽപ്പന ചെയ്ത പീരുമേട് മാർ ബസീലിയോസ് ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥികളുടെ ടീമിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. കൃഷി ഓഫീസർമാർക്ക് കർഷകരുടെ പ്രശ്‌നങ്ങൾ അറിയുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും പദ്ധതികൾ അറിയിക്കുന്നതിനും ആപ് സഹായിക്കും. 180 വിദ്യാർത്ഥികൾ 30 ടീമുകളായാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ട ഹാക്കത്തോണിൽ പങ്കാളിയായത്. ഐ.ടി., കൃഷി വകുപ്പ്, സോഷ്യൽ ഓഡിറ്റിങ് എന്നീ വിഭാഗങ്ങളിലായി 18 വിദഗ്ദ്ധർ ഉൾപ്പെടുന്ന വിധികർത്താക്കളാണ് ഉണ്ടായിരുന്നത്. അസാപ്പ് തലവൻ ഡോ. കെ.പി. ജയ് കിരൺ, റീബൂട്ട് കേരള ഹാക്കത്തോൺ ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അബ്ദുൾ ജബ്ബാർ, അസാപ്പ് തൃശൂർ ഡി.പി.എം. എം.എ .സുമി എന്നിവരുടെ നേതൃത്വത്തിലാണ് റീബൂട്ട് കേരള ഹാക്കത്തോൺ വിജയകരമായി സംഘടിപ്പിച്ചത്.

1.

അഗ്രോറ്റിസ് ആപ്

മണ്ണിന്റെ വിവരം, യഥാസമയമുള്ള നിരീക്ഷണം, രോഗബാധ തിരിച്ചറിയൽ, അതിനുള്ള പരിഹാരം, സർക്കാർ നിർദേശങ്ങൾ അറിയിക്കുക തുടങ്ങിയ സൗകര്യം

നേതൃത്വം : അദ്ധ്യാപകനായ ജീസ് ജോ മാത്യു

അംഗങ്ങൾ : ശ്രേയ, ലിനു ജോസഫ്, പ്രത്യാശ് ജെ. ബിനു, നിർമ്മൽ കൃഷ്ണകുമാർ, ജെറിൻ ജോസഫ്, നോയൽ എബി കുഞ്ഞച്ചൻ

2. കർഷകമിത്ര

നേതൃത്വം: അസിസ്റ്റന്റ് പ്രൊഫ. അജയ് ജെയിംസ്

അംഗങ്ങൾ : ഷെഹ്ല, വിഷ്ണു എം.ദാസ്, അശ്വിൻ കുമാർ, വി.പി.കൃഷ്ണാനന്ദ്, പി.കെ.നന്ദു, ഫിദ നസ്രിയ