ചെറുതുരുത്തി: കോഴിമാംപറമ്പ് പൂരത്തോടനുബന്ധിച്ച് 13 ദിവസങ്ങളിലായി ക്ഷേത്ര കലാസാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കലാസാംസ്‌കാരിക പരിപാടികൾക്ക് തുടക്കം. ശനിയാഴ്ച വൈകീട്ട് കേളിയോടെ ആരംഭിച്ച പരിപാടി പൂര ദിവസമായ 12 വരെ നീളും. വിവിധ ദിവസങ്ങളിലായി നൃത്ത നൃത്യങ്ങൾ, സംഗീത കച്ചേരി, കഥകളി, തിരുവാതിരകളി, മിഴാവ് മേളം, ഗാനമേള, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും.
എട്ടിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സിനിമാതാരം രചന നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്യും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 14 ദിവസം നീളുന്ന തോൽപ്പാവക്കൂത്തും സവിശേഷതയാണ്. മാർച്ച് 12 നാണ് പൂരം. കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരും, മേള കുലപതികളും, പൂതൻ, തിറ, വെള്ളാട്ട്, നായാടി തുടങ്ങീ നാടൻ കലാരൂപങ്ങളും പൂരാഘോഷത്തിന്റെ സവിശേഷതകളാണ്. ആന പൂരത്തിൽ ഏറെ പ്രശസ്തിയാർജ്ജിച്ച ഒന്നാണ് കോഴിമാംപറമ്പ് പൂരം.